

കോട്ടയം: മെഡിക്കല്‍ കോളേജില്‍ ഒരു വയസുകാരിയുടെ ശരീരത്തില്‍ നിന്നും സൂചി പുറത്തെടുത്ത സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സൂപ്രണ്ടിന് കൈമാറും. കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കിടെ സൂചി കയറാന്‍ ഒരു സാധ്യതയുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ജനിച്ച കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും സൂചി കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയുടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ചായിരുന്നു കുടുംബം രംഗത്തെത്തിയത്. ഏറ്റുമാനൂര്‍ സ്വദേശിനി അഞ്ചുവിന്റെ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ നിന്നുമാണ് സൂചി കണ്ടെത്തിയത്. കുട്ടി ജനിച്ചപ്പോള്‍ തന്നെ പ്രശ്നം ചൂണ്ടിക്കാട്ടിയതാണെന്നും എന്നാല്‍ യാതൊരു പ്രശ്നവും ഇല്ലെന്ന് അന്ന് മുതലേ ഡോക്ടര്‍മാര്‍ പറയുന്നതായും കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞിരുന്നു.
കുഞ്ഞിന് ഒരു വര്‍ഷത്തോളം വേദനയും ശരീരത്തില്‍ തടിപ്പും അനുഭവപ്പെട്ടിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു പ്രസവം. ജനനത്തിന് പിന്നാലെ പനിയും മഞ്ഞപ്പും ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ശരീരത്തില്‍ അസ്വാഭാവികമായ തടിപ്പ് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്.
തടിപ്പിന്റെ കാരണത്തെക്കുറിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ അറിയിച്ചെങ്കിലും നടത്തിയ സ്‌കാനിങ്ങില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ തിരിച്ചയച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ പിന്നീട് പരിശോധിച്ചപ്പോഴാണ് തടിപ്പ് ഉണ്ടായിരുന്ന ഭാഗത്ത് സ്‌കാനിങ് നടത്തിയിരുന്നില്ലെന്ന് മനസിലായതെന്നും മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം തടിപ്പ് വീണ്ടും വലുതായതോടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നുള്ള ശസ്ത്രക്രിയയിലാണ് ശരീരത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന സൂചി കണ്ടെത്തിയത്.
Content Highlights: An investigation report found no treatment error in the case of a needle being removed from the body of a one year old child at Kottayam Medical College