

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫില്‍ ഭിന്നത. പിഎം ശ്രീ വേണ്ടെന്ന ഉറച്ച നിലപാടിലാണ് ലീഗ്. പുതിയ തീരുമാനങ്ങള്‍ ഒന്നുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. രണ്ട് തവണ മാത്രമാണ് പിഎം ശ്രീ ഉപസമിതി യോഗം ചേര്‍ന്നതെന്നും വീണ്ടും യോഗം ചേര്‍ന്നതിന് ശേഷം മാത്രമായിരിക്കും റിപ്പോര്‍ട്ടെന്നുമാണ് വിഷയത്തിൽ മന്ത്രി പിസി വിഷ്ണുനാഥ് പ്രതികരിച്ചത്.
കേരളം പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി തുടരണമെന്ന് വീണ്ടും കേന്ദ്രം കത്തയക്കുമെന്ന വിവരം പുറത്തുവന്നതോടെ വിഷയത്തിന് വീണ്ടും ചൂടിപിടിച്ചിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കണം എന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കത്തയച്ചത്. പാര്‍ട്ടിയിലും മുന്നണിയിലും അഭിപ്രായ ഭിന്നതകളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കെ കേന്ദ്ര നിലപാട് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കും. പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും അല്ലാത്തപക്ഷം എസ്എസ്‌കെ ഫണ്ട് അനുവദിക്കില്ലെന്നുമുളള കടുത്ത നിലപാടിലാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. 2027 മാര്‍ച്ചിനുള്ളില്‍ അംഗമാകുന്നവര്‍ക്കാണ് പിഎം ശ്രീ ആനുകൂല്യങ്ങളും എസ്എസ്‌കെ ഫണ്ടും ലഭിക്കുക.
പിഎംശ്രീ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നില്ലെങ്കില്‍ എസ്എസ്‌കെ ഫണ്ട് ലഭിക്കില്ലെന്നാണ് കേന്ദ്ര നിലപാട്. നേരത്തെയും കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. ആകെ 1,500 കോടി രൂപയാണ് എസ്എസ്‌കെ ഫണ്ട് ഇനത്തില്‍ കേരളത്തിന് കിട്ടാനുള്ളത്. 350 കോടി രൂപ ഈ വര്‍ഷത്തെ തുകയും കുടിശ്ശികയാണ്.
അതേസമയം പദ്ധതി നടപ്പിലാക്കരുതെന്നാണ് കഴിഞ്ഞ ദിവസം രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നിര്‍ദേശിച്ചത്. ഇതേ നിലപാടാണ് ഒരു വിഭാഗം നേതാക്കളും സ്വീകരിച്ചത്. പിഎംശ്രീല്‍ ലീഗും ശക്തമായ നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാര്‍ വെട്ടിലാണ്. പ്രതിപക്ഷത്തിരുന്നപ്പോള്‍ ശക്തിയുക്തം പിഎം ശ്രീയെ എതിര്‍ത്ത യുഡിഎഫ് എല്‍ഡിഎഫിനെ പഴിചാരി കൊണ്ടായിരുന്നു പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടത് കൊണ്ട് തന്നെ അതില്‍നിന്ന് പിന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഫണ്ട് വാങ്ങിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു.
എന്നാല്‍ പിഎംശ്രീക്കെതിരെ മുന്നണിക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയരുകയാണ്. അതിനിടെ പിഎംശ്രീ നടപ്പിലാക്കരുതെന്നാണ് ശക്തമായ അഭിപ്രായമെന്നും എന്നാല്‍ പദ്ധതിയില്‍ നിന്നും പിന്മാറുന്നതില്‍ പരിമിതികളുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചത്.
Content Highlights: UDF faces differences over the PM SHRI project in Kerala, with constituent parties taking different positions on the education scheme