അപകടങ്ങള്‍ പതിവ്, വര്‍ഷങ്ങളായി ദുരിതക്കയത്തില്‍ ചക്കിപ്പാറ-മിത്രാനികേതന്‍ റോഡ്; പ്രതിഷേധം ശക്തം

അപകടങ്ങള്‍ പതിവായതോടെ ഇതുവഴിയുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസും നിര്‍ത്തി വെച്ചു

അപകടങ്ങള്‍ പതിവ്, വര്‍ഷങ്ങളായി ദുരിതക്കയത്തില്‍ ചക്കിപ്പാറ-മിത്രാനികേതന്‍ റോഡ്; പ്രതിഷേധം ശക്തം
dot image

തിരുവനന്തപുരം: പതിനഞ്ച് വര്‍ഷമായി ദുരിതക്കയത്തില്‍ തുടര്‍ന്ന് ചക്കിപ്പാറ - മിത്രാനികേതന്‍ റോഡ്. ഒന്നേകാല്‍ കിലോമീറ്റര്‍ മാത്രം നീളമുള്ള ഈ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. റോഡിന്റെ ശോച്യാവസ്ഥ കാരണം അപകടങ്ങള്‍ പതിവായതോടെ ഇതുവഴിയുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസും നിര്‍ത്തി വെച്ചു.

വെള്ളനാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലാണ് ഈ റോഡുള്ളത്. എന്നാല്‍, മുന്‍പ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉണ്ടായിരുന്നതിനാല്‍ റോഡിന്റെ പരിപാലനച്ചുമതല പൊതുമരാമത്ത് വകുപ്പിനാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. എന്നാല്‍, റോഡിന്റെ തകര്‍ച്ച കാരണം സര്‍വീസ് പിന്‍വലിച്ച കെഎസ്ആര്‍ടിസിയെ ചൂണ്ടിക്കാട്ടി പഞ്ചായത്തും പിഡബ്ല്യുഡിയും പരസ്പരം ഉത്തരവാദിത്തം ഒഴിയുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

റോഡിലെ വന്‍കുഴികളില്‍ വെള്ളവും ചെളിയും കെട്ടിക്കിടക്കുന്നതിനാല്‍ ആഴമറിയാതെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. നിരവധി സ്‌കൂള്‍ ബസുകളും കാല്‍നടയായി വിദ്യാര്‍ത്ഥികളും ദിവസേന സഞ്ചരിക്കുന്ന റോഡാണിത്.
കാട്ടാക്കട ഡെയില്‍ വ്യൂ, മിത്രാനികേതന്‍, അരുവിക്കര അണക്കെട്ട് എന്നിവ സന്ദര്‍ശിക്കാനെത്തുന്ന വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ ആശ്രയിക്കുന്ന എളുപ്പത്തില്‍ എത്താവുന്ന പ്രധാന പാത കൂടിയാണിത്.

ചുരുങ്ങിയ ദൂരം കൊണ്ട് പ്രധാന കേന്ദ്രങ്ങളിലേക്ക് എത്താമായിരുന്നിട്ടും റോഡ് തകര്‍ന്ന് കിടക്കുന്നത് പ്രദേശത്തിന്റെ വികസനത്തെയും ബാധിച്ചിട്ടുണ്ട്. യാത്രാ സുരക്ഷ മുന്‍നിര്‍ത്തി അടിയന്തരമായി റോഡ് നവീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നടക്കുന്നതിന് പോലും ബുദ്ധിമുട്ടുള്ള വഴിയാണിതെന്ന് 'ബി എ റിപ്പോര്‍ട്ടറി'ല്‍ പ്രദേശവാസിയായ സുരേന്ദ്രന്‍ പറഞ്ഞു. നൂറിലധികം പേര്‍ റോഡിന്റെ ഇരുവശത്തും താമസിക്കുണ്ട്. മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന പാറക്വാറിയില്‍ നിന്നും സ്ഥിരം ഓവര്‍ ലോഡ് കയറ്റിയതാണ് റോഡ് ഈ അവസ്ഥയിലായതെന്നും സുരേന്ദ്രന്‍ പറഞ്ഞു. നാട്ടിലെ എല്ലാവരും ആശ്രയിക്കുന്ന റോഡാണെന്നും പണി വേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും വാര്‍ഡ് മെമ്പര്‍ വിനോദ് പറഞ്ഞു.

Content Highlights: Chakkippara–Mithranikethan Road Remains in Poor Condition for 15 Years

dot image
To advertise here,contact us
dot image