

തിരുവനന്തപുരം: സ്‌കൂള്‍ കായികമേള കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തില്‍ കായികമന്ത്രിയുടെ വാദം തള്ളി വിദ്യാഭ്യാസ മന്ത്രി. കായിക മേള നടത്താനുള്ള സൗകര്യം പരിഗണിച്ചാണ് വേദി മാറ്റിയതെന്നായിരുന്നു കായിക മന്ത്രി ഒ ജെ ജനീഷ് പറഞ്ഞത്. ഒരു സര്‍ക്കാര്‍ തീരുമാനിച്ചത് അടുത്ത സര്‍ക്കാര്‍ മാറ്റാന്‍ പാടില്ല എന്ന് ഇല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
എന്നാല്‍ ഈ വിശദീകരണത്തെ തള്ളുന്നതാണ് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്റെ പ്രതികരണം. കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ച കാര്യം അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കണ്ണൂരിന് അങ്ങനെ താല്‍പര്യമുണ്ടെങ്കില്‍ അടുത്ത തവണ പരിഗണിക്കാം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കായികമേള നടത്താന്‍ കണ്ണൂരിലും കോഴിക്കോടും സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് പങ്കെടുക്കാനും സംഘാടകര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള സൗകര്യം പരിഗണിച്ചാണ് വേദി മാറ്റിയത് എന്നാണ് കായിക മന്ത്രി വിശദീകരിച്ചത്. പരമാവധി സൗകര്യം ഒരുക്കാന്‍ കോഴിക്കോടാകും അനിയോജ്യം എന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ തര്‍ക്കം വേണ്ടെന്നും അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാം എന്ന് വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ ഉള്‍പ്പടെ ഉള്ളവര്‍ കൂടി ചേര്‍ന്നാണ് വേദി തീരുമാനിച്ചതെന്നും അവരാരും അതില്‍ പ്രശ്‌നം രേഖപ്പെടുത്തിയില്ലെന്നും ഷംസുദ്ദീന്‍ വ്യക്തമാക്കി. അന്ന് കണ്ണൂരിന്റെ കാര്യം പറഞ്ഞിരുന്നെങ്കില്‍ കൊടുക്കുന്നതില്‍ ബുദ്ധിമുട്ട് ഇല്ലായിരുന്നെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരുകള്‍ തുടര്‍ച്ചയാണെന്നും മുന്‍ സര്‍ക്കാര്‍ തീരുമാനിച്ച കാര്യങ്ങള്‍ മാറ്റണമെന്ന് തനിക്ക് അഭിപ്രായം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ തവണ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച വേദി കണ്ണൂരാണെന്നും മാറ്റിയത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ പറഞ്ഞു. കണ്ണൂരില്‍ പ്രാഥമിക ഒരുക്കങ്ങൾ എല്ലാം പൂര്‍ത്തിയായിരുന്നെന്നും ഇതിനിടെയില്‍ വേദി മാറ്റിയത് നിരാശാ ജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായിക മേളയെ വരവേല്‍ക്കാന്‍ വലിയ ആവേശത്തിലായിരുന്നു ജില്ലയെന്നും എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ പ്രതിഷേധം അറിയിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം.
Content Highlights: Education Minister N Shamsudheen has rejected Sports Minister O J Aneesh’s explanation for shifting the school sports meet from Kannur to Kozhikode. Shamsudheen said he was unaware of any previous government decision to hold the event in Kannur, while noting that both Kannur and Kozhikode have the facilities to host the meet.