

ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതൃപദവി വിവാദത്തില്‍ സിപിഐയില്‍ ഭിന്നത. കൂടിയാലോചനകള്‍ ഇല്ലാതെയാണ് പാര്‍ട്ടി നിലപാട് എടുത്തതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. സംസ്ഥാന നിര്‍വാഹക സമിതിയിലാണ് വിമര്‍ശനം. തിരുത്തല്‍ ശക്തിയായി മാറേണ്ട പാര്‍ട്ടിയുടെ തീരുമാനം തിരിച്ചടിയായി. പാര്‍ട്ടിയിലെ എല്ലാവരോടും ചര്‍ച്ച ചെയ്യാതെയാണ് സെക്രട്ടറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തീരുമാനം അറിയിച്ചത്. മാധ്യമങ്ങള്‍ക്ക് മുന്നിലുള്ള പരസ്യ പ്രതികരണങ്ങള്‍ എല്‍ഡിഎഫില്‍ കേട്ടുകേള്‍വില്ലാത്തതെന്നും വിമര്‍ശനം ഉയര്‍ന്നു.
തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പ്രതികരണം മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന പൊതുരീതി സൃഷ്ടിച്ചു. ചില നേതാക്കള്‍ പക്വതയില്ലാതെ പെരുമാറിയെന്നും ഒരു വിഭാഗം നേതാക്കള്‍ വിമര്‍ശിച്ചു. വിവാദം തുടരുന്നത് പിണറായി വിജയന് ഗുണം ചെയ്യുമെന്നും വിമര്‍ശനം ഉയര്‍ന്നു.
അതേസമയം, ഉപനേതൃപദവി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ. ഏറ്റവും ഒടുവില്‍ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴും ബിനോയ് വിശ്വം ഈ നിലപാട് തന്നെയാണ് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ഉപനേതൃപദവി ഒഴിച്ചിടുമെന്ന സിപിഐഎം സമവായ ഫോര്‍മുലയെക്കുറിച്ച് അറിയില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. മാധ്യമ വാര്‍ത്തകളില്‍ മറുപടി പറയാനില്ല. ഫോര്‍മുല സംബന്ധിച്ച് പാര്‍ട്ടിയോട് ആശയവിനിമയം നടത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ യോഗങ്ങളിലാണ് തീരുമാനിക്കേണ്ടത്. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ ഉറച്ച് മുന്നോട്ട് പോകും. പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
Content Highlights: Differences have surfaced within the CPI over the controversy surrounding the Opposition Deputy Leader post