

ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണി കൂടുതൽ സജീവമാകുന്നതിന്റെ വ്യക്തമായ സൂചന നൽകി പുതിയ റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ 57,000-ത്തോളം (56,600) പുതിയ റെസിഡൻഷ്യൽ യൂണിറ്റുകൾ കൂടി നിർമ്മാണം പൂർത്തിയാക്കി വിപണിയിലെത്തുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്. ദുബായുടെ വിവിധ ഭാഗങ്ങളിൽ പുതിയ താമസ കെട്ടിടങ്ങളുടെ നിർമ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്.
റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ മാത്രം ഏകദേശം 11,650 റെസിഡൻഷ്യൽ യൂണിറ്റുകൾ ദുബായിൽ വിപണിയിലെത്തിക്കഴിഞ്ഞു. ഇതിൽ 9,200 അപ്പാർട്ടുമെന്റുകളും 2,450 വില്ലകളും ഉൾപ്പെടുന്നു. വരും മാസങ്ങളിൽ കൂടുതൽ താമസ സൗകര്യങ്ങൾ ലഭ്യമാകുന്നതോടെ വിപണിയിലെ ലഭ്യത ഗണ്യമായി വർദ്ധിക്കും.
പുതിയ വീടുകളുടെ വരവ് ദുബായിലെ വാടക വിപണിയിലും അനുകൂലമായ മാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ വീടുകൾ എത്തുന്നതോടെ വരും മാസങ്ങളിൽ വാടക നിരക്കിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഇതിനുപുറമെ, വാടക വീടുകളിൽ കഴിയുന്നതിന് പകരം സ്വന്തമായി വീട് വാങ്ങാൻ താൽപ്പര്യപ്പെടുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. വീട് വാങ്ങുന്ന പ്രവാസികളിൽ മലയാളി സാന്നിധ്യവും മുൻപന്തിയിലാണ്. പുതിയ താമസ പദ്ധതികൾ പൂർത്തിയാകുന്നതോടെ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും വാടകക്കാർക്കും അനുയോജ്യമായ കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Content Highlights: Dubai’s rental market could see some relief as more than 50,000 new homes are expected to enter the market. The increase in housing supply may ease rental prices and provide more options for residents.