'ഒരേ ഇന്‍ഡസ്ട്രിയില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന ഒരാളുടെ ഇത്തരം കമന്റ് ഏറെ വിഷമിപ്പിച്ചു'; രതീഷ് വേഗ

ഓപ്പറേഷന്‍ ത്രാള്‍' വീഡിയോയ്ക്ക് താഴെ മോശം കമന്റുമായെത്തിയ സൗണ്ട് ഡിസൈനര്‍ അജയ് അടാട്ടിനെതിരെ സംവിധായകന്‍ രതീഷ് വേഗയും എം ആര്‍ രാജാകൃഷ്ണനും നിര്‍മ്മാതാവ് ജോബി ജോര്‍ജും

'ഒരേ ഇന്‍ഡസ്ട്രിയില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന ഒരാളുടെ ഇത്തരം കമന്റ് ഏറെ വിഷമിപ്പിച്ചു'; രതീഷ് വേഗ
dot image

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാന്‍ ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'ഓപ്പറേഷന്‍ ത്രാള്‍'-ന്റെ ടീസര്‍ സൗണ്ട് ഡിസൈന്‍ വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുമായെത്തിയ സൗണ്ട് ഡിസൈനര്‍ അജയന്‍ അടാട്ടിനെതിരെ സംവിധായകന്‍ രതീഷ് വേഗ രംഗത്ത്. ഒരേ ഇന്‍ഡസ്ട്രിയില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന ഒരാളുടെ ഇത്തരത്തിലുള്ള കമന്റ് ഏറെ വിഷമിപ്പിച്ചുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ രതീഷ് വേഗ കുറിച്ചു.

ഓപ്പറേഷന്‍ ത്രാളി'ന്റെ സൗണ്ട് ഡിസൈനറായ ആര്‍ എസ് വിക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ടീസര്‍ സൗണ്ട് ഡിസൈന്‍ ഗ്ലിംപ്‌സ് വീഡിയോയ്ക്ക് താഴെയാണ് അധിക്ഷേപ കമന്റുമായി അജയന്‍ അടാട്ട് എത്തിയിരിക്കുന്നത്. ചിത്രം ആര്‍എസ്എസ് അനുഭാവ ചിത്രമാണെന്ന രീതിയിലാണ് അജയന്‍ പങ്കുവെച്ച കമന്റ്. 'ഒരേ ഇന്‍ഡസ്ട്രിയില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന ഒരാളില്‍ നിന്ന് ഇങ്ങനെയൊരു കമന്റ് കാണുമ്പോള്‍ വലിയ വിഷമം തോന്നുന്നു. ഒരു പ്രോജക്റ്റ് ചെയ്‌തെടുക്കാന്‍ എത്രത്തോളം കഷ്ടപ്പാടും അധ്വാനവും വേണമെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാവുന്നതല്ലേ. വിമര്‍ശനങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു, പക്ഷേ സഹപ്രവര്‍ത്തകരായ ക്രിയേറ്റേഴ്‌സിനോട് കുറച്ചുകൂടി ബഹുമാനം കാണിക്കാമായിരുന്നു എന്ന് വിശ്വസിക്കുന്നു. ഇത് കാണുമ്പോള്‍ ശരിക്കും സങ്കടമുണ്ട്', എന്നാണ് രതീഷ് വേഗ കമന്റിന് മറുപടിയായി കുറിച്ചിരിക്കുന്നത്.

'നിങ്ങളില്‍ നിന്ന് ഇത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി, ഈ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ഒരു ടെക്‌നീഷ്യനില്‍ നിന്ന് ഇങ്ങനെയാണോ ഒരു പ്രതികരണം ഉണ്ടാകേണ്ടത്?.. ഇതിന് പിന്നിലെ കാരണം എന്താണെന്ന് എനിക്ക് അറിയണം', എന്നാണ് അജയന്‍ അടാട്ടിന്റെ കമന്റിനെതിരെ സൗണ്ട് ഡിസൈനറും റീ-റെക്കോര്‍ഡിംഗ് മിക്‌സറുമായ എം ആര്‍ രാജാകൃഷ്ണന്‍ പ്രതികരിച്ചിരിക്കുന്നത്. ''മോനെ വളരെ മോശം'' എന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് തടത്തില്‍ ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. 'നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വര്‍ക്കിന് മറുപടി നല്‍കുന്നത് ഇങ്ങനെയാണോ?' എന്നാണ് ആര്‍എസ് വിക്കിയുടെ മറുപടി.

ദേശീയ സുരക്ഷയും ഐ.എന്‍.എ (NIA) അന്വേഷണവും പ്രമേഹമാകുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് 'ഓപ്പറേഷന്‍ ത്രാള്‍'. റിലീസിന് മുന്നോടിയായി സിനിമയുടെ ടീസര്‍ തരംഗമാകുന്നതിനിടെ ഇന്‍ഡസ്ട്രിയില്‍ ഉള്ളവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഇത്തരം പ്രതികരണങ്ങള്‍ സിനിമ മേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

കേരളം, കോയമ്പത്തൂര്‍, ന്യൂഡല്‍ഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി നിരവധി ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. സൂപ്പര്‍ ഹിറ്റായ 'കിഷ്‌കിന്ധാ കാണ്ഡം', 'രോമാഞ്ചം', 'കസബ', 'അബ്രഹാമിന്റെ സന്തതികള്‍' തുടങ്ങിയ സിനിമകളൊരുക്കിയ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രമായതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും 'ഓപ്പറേഷന്‍ ത്രാള്‍' റിലീസ് ഉറ്റുനോക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.

സിനിമാലോകത്ത് ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിര്‍വഹിക്കുന്നത്. റിതിക സിംഗ്, കാവ്യ ഷെട്ടി, ആന്‍സണ്‍ പോള്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാര്‍, മുരളി ശര്‍മ്മ ,സിറാജുദ്ദീന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുനിമോള്‍ ജോബി സഹനിര്‍മ്മാതാവായെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകന്‍ രതീഷ് വേഗ തന്നെയാണ്. പ്രോജക്ട് ഡിസൈന്‍ നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈന്‍ സജീഷ് താമരശ്ശേരി എന്നിവര്‍ നിര്‍വ്വഹിക്കുന്നു. കലാസംവിധാനം: സുനീഷ് സോദരന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ഷന്‍: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്സിംഗ്: എം.ആര്‍. രാജകൃഷ്ണന്‍, സ്റ്റില്‍സ് ഫോട്ടോഗ്രാഫി: ജാന്‍ ജോസഫ് ജോര്‍ജ്, സൗണ്ട് ഡിസൈന്‍: വിക്കി (റെസൊണന്‍സ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈന്‍സ്: ടെന്‍പോയിന്റ് മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഇക്ബാല്‍ പാനായിക്കുളം, മാര്‍ക്കറ്റിംഗ്: സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ ഡോ.സംഗീത ജനചന്ദ്രന്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.

Content Highlights: Director Ratheesh Vega, M.R. Rajakrishnan, and producer Joby George have spoken out against sound designer Ajay Adatt, who posted a negative comment under the 'Operation Tral' video.

dot image
To advertise here,contact us
dot image