കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കി

കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി
dot image

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ ശ്രീരാം വെങ്കിട്ടരാമന്‍ ഐഎഎസ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. സ്പെഷല്‍ പ്രൊസിക്യൂട്ടര്‍ സ്ഥാനമേറ്റെടുക്കുന്നതുവരെയാണ് ഹൈക്കോടതി വിചാരണ നടപടികള്‍ തടഞ്ഞത്. സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ സ്ഥാനമേറ്റെടുത്ത ശേഷം വിചാരണ നടപടികള്‍ തുടരാം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിചാരണ തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടരും.

അതേസമയം സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കി. കെ എം ബഷീറിന്റെ ഭാര്യ സി ജസീല നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. ഒരു മാസത്തേക്കായിരിക്കും നടപടിയില്‍ തടസമുണ്ടാകുക. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ വിചാരണ കോടതി മാറ്റിയതിനെതിരെ ജസീല നല്‍കിയ ഹര്‍ജിയില്‍ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. കോടതി മാറ്റം പ്രതിഭാഗം അഭിഭാഷകന്റെ താല്‍പര്യപ്രകാരമാണെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. വിചാരണ നീതിപൂര്‍വ്വം നടക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്നും ഹൈക്കോടതിയെ അറിയിച്ചിരുന്നു. നേരത്തെ കേസ് പരിഗണിച്ച സൈഷന്‍സ് കോടതി ഒന്നിലേക്ക് കേസ് മാറ്റണമെന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നുമാണ് കുടുംബം ആവശ്യപ്പെട്ടിരുന്നത്.

2019 ആഗസ്റ്റ് മൂന്നിനാണ് കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാമിന്റെ ശ്രമം. പൊലീസും ആദ്യം വാഹനമോടിച്ചത് വഫയാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദൃക്സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പൊലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.

Content Highlights: The Kerala High Court has temporarily paused trial proceedings in the KM Basheer case for one month until the special prosecutor assumes office. The court directed that the trial can resume after the new prosecutor takes charge, with proceedings continuing before the Thiruvananthapuram Fourth Additional Sessions Court.

dot image
To advertise here,contact us
dot image