

കർണാടക സർക്കാർ പ്രസിദ്ധീകരിച്ച ഡ്രാഫ്റ്റ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പാർക്കിംഗ് ചട്ടങ്ങൾ 2026 പ്രകാരം, വീടിന് പുറത്ത്, പൊതു റോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നതിന് ബെംഗളൂരു നിവാസികൾ കാറിന്റെ തരം അനുസരിച്ച് ₹25,000 അല്ലെങ്കിൽ അതിൽ കൂടുതൽ വാർഷിക ഫീസ് നൽകേണ്ടിവരും.
പുതിയ നിർദ്ദേശ പ്രകാരം സ്വന്തം വീടുകൾക്ക് മുന്നിലെ പൊതുറോഡിൽ വാഹനം പാർക്ക് ചെയ്യുന്നതിന് നഗരവാസികൾ ഇനി മുതൽ പ്രതിവർഷം കനത്ത തുക പെർമിറ്റ് ഫീസായി നൽകേണ്ടി വരും. വാഹനങ്ങളുടെ വലിപ്പവും തരവും അനുസരിച്ചാണ് ഈ വാർഷിക നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.ഇതനുസരിച്ച് ഹാച്ച്ബാക്ക് കാറുകൾക്ക് കുറഞ്ഞത് 15,000 രൂപയും, സെഡാൻ കാറുകൾക്ക് 20,000 രൂപയും, എസ്‌യുവികൾക്ക് 25,000 രൂപയുമാണ് പ്രതിവർഷം ഈടാക്കുക.
നഗരത്തിലെ ട്രാഫിക് തിരക്ക് കുറയ്ക്കുന്നതിനും പൊതുറോഡുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമാണ് അധികൃതർ ഇത്തരമൊരു നീക്കം നടത്തുന്നത്. റസിഡൻഷ്യൽ മേഖലകൾ കൂടാതെ പ്രധാന വാണിജ്യ റോഡുകളിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
എന്നിരുന്നാലും, ആർട്ടീരിയൽ, സബ്-ആർട്ടീരിയൽ റോഡുകൾ ഒഴികെയുള്ള തെരുവുകളിലെ റെസിഡൻഷ്യൽ പാർക്കിംഗ്, അതത് സിറ്റി കോർപ്പറേഷനിൽ നിന്ന് റെസിഡൻഷ്യൽ പാർക്കിംഗ് പെർമിറ്റ് ലഭിച്ച വാഹനങ്ങൾക്ക് മാത്രമേ അനുവദിക്കൂ.
മെട്രോ സ്റ്റേഷനുകൾ, സബർബൻ റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ 150 മീറ്റർ ചുറ്റളവിൽ റോഡരികിലെ പാർക്കിംഗ് പൂർണ്ണമായി നിരോധിക്കും. പ്രാദേശിക കോർപ്പറേഷനുകൾക്ക് ഈ ദൂരം ഭാവിയിൽ 500 മീറ്റർ വരെയായി വർദ്ധിപ്പിക്കാനും വ്യവസ്ഥയുണ്ട്. ഫുട്പാത്തുകളിലെ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിരിക്കുമ്പോൾ തന്നെ സൈക്കിളുകളെ എല്ലാത്തരം പാർക്കിംഗ് ഫീസുകളിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത പിഴ ശിക്ഷകളാണ് കരട് രേഖയിൽ നിർദ്ദേശിച്ചിട്ടുള്ളത്. റോഡുകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന കാറുകൾക്ക് 500 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 300 രൂപയുമാണ് പിഴ. ഫുട്പാത്തുകളിലാണ് പാർക്കിംഗ് എങ്കിൽ കാറുകൾക്ക് 1,000 രൂപയും ബൈക്കുകൾക്ക് 600 രൂപയും പിഴ ഈടാക്കും. നിശ്ചിത പെർമിറ്റ് ഏരിയയ്ക്ക് പുറത്ത് വാഹനം പാർക്ക് ചെയ്താൽ പെർമിറ്റ് ഉണ്ടെങ്കിൽ പോലും അത് നിയമലംഘനമായി കണക്കാക്കും.
ട്രാഫിക് പോലീസിന് പുറമെ കോർപ്പറേഷന്റെ ഔദ്യോഗിക അനുമതിയുള്ള സ്വകാര്യ ഓപ്പറേറ്റർമാർക്കും നിയമലംഘനങ്ങൾ കണ്ടെത്താനും വാഹനം ലോക്ക് ചെയ്യാനും അധികാരം നൽകുന്നുണ്ട്.
ഈ പുതിയ പാർക്കിംഗ് നിയമങ്ങളുടെ കരട് രേഖയിൻമേൽ പൊതുജനങ്ങൾക്ക് തങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ നഗരവികസന വകുപ്പ് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷമായിരിക്കും നിയമം അന്തിമമായി നടപ്പിലാക്കുക.
Content Highlights:
Bengaluru residents may have to pay an annual fee to park cars on public roads outside their homes under the draft Greater Bengaluru Authority Parking Rules 2026. Proposed annual fees are ₹15,000 for hatchbacks, ₹20,000 for sedans and ₹25,000 for SUVs. Residential street parking would require a valid residential parking permit from the city corporation. Roadside parking within 150 metres of metro and suburban railway stations would be prohibited. Fines of up to ₹1,000 are proposed for illegal parking on footpaths. The draft allows authorised private operators to detect violations and immobilise vehicles. The public has 30 days to submit objections, suggestions and feedback before the rules are finalised