

മലപ്പുറം: വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിനെ ഉൾപ്പെടുത്തിയതിനെതിരെ എംഎസ്എഫ്. നിയമനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പ്രമേയം അവതരിപ്പിച്ചു. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അധികാരത്തിലെത്തിയ ശേഷം മറക്കുന്നുവെന്നും പ്രമേയത്തിൽ വിമർശനം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് പാർട്ടിയുടെയും പോഷക സംഘടനകളുടെയും സജീവ പ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിക്കാത്തത് പ്രവർത്തകരിൽ കടുത്ത നിരാശയും വേദനയും ഉണ്ടാക്കുന്നുവെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അധികാരത്തിലെത്തിയ ശേഷം മറക്കുന്നത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ തകർക്കുന്നതാണെന്നും എംഎസ്എഫ് വിമർശനം ഉന്നയിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക്, ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവിന് നിയമനം നൽകിയത് എം.എസ്.എഫ് പ്രവർത്തകരിൽ വലിയ മാനസിക പ്രയാസത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. പാർട്ടിക്കും പോഷക സംഘടനകൾക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച അർഹരായ പ്രവർത്തകർക്ക് മുൻഗണന നൽകുന്ന സമീപനം സ്വീകരിക്കണം. പല പ്രതികൂല സാഹചര്യത്തിലും പാർട്ടിയുടെ ആശയങ്ങളും നിലപാടുകളും ജനങ്ങളിലെത്തിച്ച യുവതലമുറയാണ് പാർട്ടിയുടെ ശക്തിയെന്നും എംഎസ്എഫ് പ്രമേയത്തിൽ ഓർമ്മപ്പെടുത്തുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റായ കെ കെ അഷ്‌റഫിനെയാണ് വിദ്യാഭ്യാസ മന്ത്രി എം ഷംസുദ്ദീൻ്റെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. ഓഫീസ് അറ്റന്‍ഡന്റ് പദവിയിലാണ് അഷ്‌റഫിന് നിയമനം നല്‍കിയിരിക്കുന്നത്. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന അഷ്‌റഫ് നിലവില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്. അഷ്‌റഫിന് നിയമനം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടർ പുറത്ത് വിട്ടിരുന്നു. അതേസമയം അഷ്‌റഫിന്റെ പശ്ചാത്തലം പരിശോധിച്ചില്ലെന്നും ബയോഡേറ്റ ലഭിക്കുകയായിരുന്നുവെന്നുമാണ് മന്ത്രിയുടെ വിശദീകരണം. പദവിക്ക് അനുയോജ്യനെന്ന് തോന്നിയതുെകാണ്ടാണ് നിയമനം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
സ്റ്റാഫില്‍ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പറഞ്ഞ് യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കള്‍ പരസ്യ പ്രതികരണം നടത്തുമ്പോഴാണ് ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ നിയമനം. യുഡിഎഫ് സര്‍ക്കാരില്‍ മുസ്‌ലിം ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് അകത്ത് വന്‍ അതൃപ്തി ഉയര്‍ന്നിരുന്നു. യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ പോഷക സംഘടനകളില്‍ നിന്ന് ആരെയും പരിഗണിക്കുന്നില്ലെന്ന പരാതിയുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മലപ്പുറത്ത് ചേര്‍ന്ന യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ ലീഗ് മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. അഞ്ച് മന്ത്രിമാരെയും വിളിച്ചുവരുത്തി സംസാരിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights: MSF has criticized N Shamsudheen for appointing a Jamaat-e-Islami leader to his staff, triggering political controversy and debate within Kerala's political circles.