

റായ്പൂര്‍: ആകര്‍ഷക വസ്ത്രങ്ങളണിഞ്ഞ് ഫാഷന്‍ റാംപില്‍ ചുവടുവച്ച് മുന്‍ മാവോയിസ്റ്റുകള്‍. ഒരുകാലത്ത് പച്ച യൂണിഫോം ധരിച്ച് നിബിഡ വനങ്ങളില്‍ സഞ്ചരിച്ചിരുന്ന വനിതാ മാവോയിസ്റ്റുകളാണ് ഫാഷന്‍ റാംപില്‍ ചുവടുവച്ചത്. ചത്തീസ്ഗഢിലാണ് മുൻ മാവോയിസ്റ്റുകൾ ഫാഷൻ റാംപിൽ ചുവട്. ഓഗസ്റ്റ് 7ന് ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാനതല നെയ്ത്തുകാരുടെ സമ്മേളനത്തിലായിരുന്നു ഇവരുടെ റാംപ് വാക്ക്. ചത്തീസ്ഗഢിന്റെ പരമ്പരാഗത കൈത്തറി, കോസ സില്‍ക്ക് വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ടാണ് ഒമ്പത് വനിതകള്‍ ഫാഷന്‍ റാംപില്‍ ചുവടുവച്ചത്.
ഒന്‍പത് പേരില്‍ എട്ട് പേര്‍ സുക്മയില്‍ നിന്നും ഒരാള്‍ ബിജാപൂരില്‍ നിന്നുമുള്ളവരാണ്. സുക്മയിലെ ചിന്തഗുഫ മേഖലയില്‍പ്പെട്ട എല്‍മഗുണ്ട ഗ്രാമത്തിലെ 22കാരിയായ പുനം ജ്യോതി, തന്റെ ജീവിതത്തില്‍ ഇത്തരമൊരു കാര്യം സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഈ നിമിഷം ഒരിക്കലും പ്രതീക്ഷിക്കാത്തതാണെന്നും പറഞ്ഞതായാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് പുറത്തുവന്നതിന് ശേഷം തന്റെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടായെന്ന് കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദില്‍ കീഴടങ്ങിയ ജ്യോതി പ്രതിക
തന്റെ വനജീവിതത്തിനിടെ ഒരു ഫാഷന്‍ ഷോ പോലും കണ്ടിട്ടില്ലെന്ന് 28കാരിയായ മറ്റൊരു മുന്‍ നക്‌സലൈറ്റ് പറഞ്ഞു. ഏപ്രിലില്‍ ഹൈദരാബാദില്‍ കീഴടങ്ങിയതിന് ശേഷം സമാധാനപരമായ ജീവിതം നയിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും കൂട്ടിച്ചേര്‍ത്തു. റാംപിലെത്തിയ ഒന്‍പത് പേരില്‍ ഏഴ് പേര്‍ അയല്‍ സംസ്ഥാനമായ തെലങ്കാനയിലെ ഹൈദരാബാദിലും, ഒരാള്‍ ചത്തീസ്ഗഢിലെ സുക്മയിലും മറ്റൊരാള്‍ തെലങ്കാനയിലെ മുലുഗുവിലും കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കീഴടങ്ങിയവരാണ്. ഇപ്പോള്‍ ഇവരെല്ലാവരും സുക്മയിലെ പുനര്‍വാസ് കേന്ദ്രത്തില്‍ സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കഴിയുകയാണെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മുംബൈയില്‍ നിന്നുള്ള പ്രൊഫഷണല്‍ വിദഗ്ധരാണ് ഇവര്‍ക്ക് റാംപ് വാക്ക്, ഗ്രൂമിങ്, വസ്ത്രധാരണം, എന്നിവയില്‍ ഏഴ് ദിവസത്തെ പ്രത്യേക പരിശീലനം നല്‍കിയത്. മൈക്കിലൂടെ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതിനും പ്രത്യേകം പരിശീലനം നല്‍കി.
പരിപാടിയില്‍ പങ്കെടുത്ത ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് റാംപ് വാക്കിനെത്തിയ വനിതാ മാവോയിസ്റ്റുകളുമായി സംവദിച്ചു. കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്ക് മാന്യമായ ഉപജീവനമാര്‍ഗം ഉറപ്പാക്കാനും സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാനും ലക്ഷ്യമിട്ട് ചത്തീസ്ഗഢ് സര്‍ക്കാര്‍ വിവിധ നൈപുണ്യ വികസന പദ്ധതികളാണ് നടപ്പാക്കി വരുന്നത്.
Content Highlights: Nine former women Maoists walked the fashion ramp in traditional Chhattisgarh handloom and Kosa silk outfits, marking their journey from violence to a new life