കൊക്കെയ്ന്‍ പാക്കറ്റില്‍ ഹാളണ്ട്; എക്വഡോറില്‍ 469 കിലോഗ്രാം ലഹരിമരുന്ന് വേട്ട

ലഹരി കടത്തുന്ന സംഘങ്ങള്‍ സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് പതിവാണ്

കൊക്കെയ്ന്‍ പാക്കറ്റില്‍ ഹാളണ്ട്; എക്വഡോറില്‍ 469 കിലോഗ്രാം ലഹരിമരുന്ന് വേട്ട
dot image

കൊളംബിയന്‍ അതിര്‍ത്തിക്ക് സമീപം എക്വഡോര്‍ പോലീസ് നടത്തിയ വന്‍ ലഹരിവേട്ടയില്‍ നോര്‍വീജിയന്‍ ഫുട്‌ബോള്‍ താരം എര്‍ലിങ് ഹാളണ്ടിന്റെ ചിത്രങ്ങള്‍ പതിപ്പിച്ച കൊക്കെയ്ന്‍ ശേഖരം പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാന്‍-അമേരിക്കന്‍ ഹൈവേയില്‍ വച്ച് സംശയാസ്പദമായ ഒരു ട്രക്ക് തടഞ്ഞുനിര്‍ത്തി ആന്റി-നാര്‍ക്കോട്ടിക്‌സ് സംഘം പരിശോധന നടത്തുകയായിരുന്നു. വാഹനം പ്രത്യേകമായി മാറ്റം വരുത്തി നിര്‍മിച്ച അടിത്തട്ടില്‍ ഒളിപ്പിച്ച നിലയില്‍ 370 പച്ച ചതുര പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 469 കിലോഗ്രാം കൊക്കെയ്‌നാണ് കണ്ടെടുത്തത്. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെയും നോര്‍വേയുടെയും സൂപ്പര്‍താരം എര്‍ലിങ് ഹാളണ്ടിന്റെ സ്റ്റിക്കറുകള്‍ പതിപ്പിച്ച നിലയിലായിരുന്നു ഈ പാക്കറ്റുകള്‍.

സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ സംഭവസ്ഥലത്തു വച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎസില്‍ 11 മില്യണ്‍ ഡോളറിലധികവും (ഏകദേശം 90 കോടിയിലധികം രൂപ) യൂറോപ്യന്‍ കരിഞ്ചന്തയില്‍ 17 മില്യണ്‍ യൂറോയിലധികവും ഇതിന് മൂല്യമുണ്ട്.

ഫുട്‌ബോള്‍ താരത്തിന്റെ ചിത്രം മയക്കുമരുന്ന് പാക്കറ്റുകളില്‍ കണ്ടെത്തിയതിനും കാരണമുണ്ട്. ഇത് ലഹരി കടത്ത് സംഘങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന രീതിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. തങ്ങളുടെ ഉല്‍പ്പന്നങ്ങളെ മറ്റ് ലഹരി കടത്തുകാരുടെ സാധനങ്ങളില്‍ നിന്ന് വേര്‍തിരിച്ചറിയാനും ഇത് ഏത് ഗ്രൂപ്പ് ഉത്പാദിപ്പിച്ചതാണെന്ന് ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാനുമാണ് ഇത്തരം സെലിബ്രിറ്റികളുടെയും കായികതാരങ്ങളുടെയും ചിത്രങ്ങള്‍ തിരിച്ചറിയല്‍ അടയാളമായി സംഘങ്ങള്‍ ഉപയോഗിക്കുന്നത്. ഹാളണ്ട് മാത്രമല്ല, അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സിയുടെ ചിത്രം പതിപ്പിച്ച ലഹരി പാക്കറ്റുകളും മുന്‍പ് സമാനമായ രീതിയില്‍ പിടിച്ചെടുത്തിട്ടുണ്ട്.

content highlights: Erling Haaland's Photo on Cocaine Packets; 469 kg Drugs Seized in Ecuador

dot image
To advertise here,contact us
dot image