വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായിട്ട് 5 ദിവസം; തിരച്ചില്‍ കാര്യക്ഷമമല്ലെന്ന ആരോപണവുമായി കുടുംബം

തിരച്ചിലിന് നേവിയുടെ സഹായം തേടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായിട്ട് 5 ദിവസം; തിരച്ചില്‍ കാര്യക്ഷമമല്ലെന്ന ആരോപണവുമായി കുടുംബം
dot image

തിരുവനന്തപുരം: വിഴിഞ്ഞത്തെ ബോട്ടപകടത്തില്‍ മത്സ്യത്തൊഴിലാളിയായ ജോണിനെ കാണാതായിട്ട് അഞ്ച് ദിവസം. കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം ഫിഷറീസ് ഓഫീസില്‍ എത്തി. തിരച്ചിലുമായി ബന്ധപ്പെട്ട ആശങ്കകള്‍ അസിസ്റ്റന്റ് ഡയറക്ടറെ അറിയിക്കും. തിരച്ചിലിന് നേവിയുടെ സഹായം തേടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജോണിനായി കോസ്റ്റല്‍ പൊലീസ് ഇന്നും പരിശോധന നടത്തും എന്നാണ് വിവരം.

കോസ്റ്റല്‍ പൊലീസ് നടത്തിയ തിരച്ചില്‍ ശെരിയായ രീതിയില്‍ അല്ലെന്നാണ് കണാതായ ജോണിന്റെ മകന്‍ ആരോപിക്കുന്നത്. മത്സ്യത്തൊഴിലാളിയുടെ ജീവിതത്തിനു വിലയില്ലേ എന്നും മകന്‍ ചോദിക്കുന്നു. വെള്ളപ്പൊക്കം വന്നാല്‍ ഉടനെ മത്സ്യത്തൊഴിലാളികളെ വിളിക്കുന്നുണ്ട്. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിന് ആരും എത്തുന്നില്ലെന്നും ജോണിന്റെ മകന്‍ ചൂണ്ടിക്കാട്ടുന്നു. 18 നോട്ടിക്കല്‍ മൈല്‍ ദൂരെ പോയപ്പോള്‍ ആണ് അപകടം ഉണ്ടായത്. കേന്ദ്രസര്‍ക്കാര്‍ കൂടി ഇടപെടേണ്ട വിഷയമാണിതെന്നും നേവിയെ ഉപയോഗിച്ച് തിരച്ചില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

എഫ്‌ഐആര്‍ എഴുതാന്‍ മാത്രമായി എന്തിനാണ് കോസ്റ്റ് ഗാര്‍ഡെന്ന് ചോദിച്ച അദ്ദേഹം കൃത്യമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി. അപകടം വന്ന ഉടന്‍ തിരച്ചില്‍ നടന്നില്ല. മത്സ്യത്തൊഴിലാളികള്‍ വരാം എന്ന് പറഞ്ഞിട്ടും കൂട്ടാന്‍ തയ്യാറായില്ല. മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലക്കാണ് ഇന്നലെ തിരച്ചില്‍ നടത്തിയതെന്നും അരോപണമുണ്ട്. കടലിന്റെ പണി കടലിന്റെ മക്കളെ ഏല്‍പ്പിക്കണമെന്നും ജോണിന്റെ മകന്‍ പറയുന്നു. ഇന്നലെ അടക്കം കാലാവസ്ഥ തെളിഞ്ഞ് നിന്നിട്ടും തിരച്ചില്‍ ശക്തമാക്കിയിരുന്നില്ലെന്നും ജോണിന്റെ മകന്‍ ആരോപിച്ചു.

എംഎല്‍എയെ അടക്കം ബന്ധപ്പെട്ടപ്പോള്‍ അഞ്ചോ അതില്‍ അധികമോ ആളുകള്‍ കടലില്‍ അകപ്പെട്ടാല്‍ മാത്രമേ കേന്ദ്ര സേന തിരച്ചില്‍ നടത്തൂ എന്നാണ് മറുപടി ലഭിച്ചതെന്ന് ജോണിന്റെ മകളും ആരോപിക്കുന്നു. മത്സ്യ ത്തൊഴിലാളികളുടെ വള്ളത്തിനും വലക്കും കഴിക്കുന്ന മത്സ്യത്തിനും അടക്കം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നിട്ടും ഇത്രത്തോളം അവഗണിക്കുന്നതെന്തിനെന്നാണ് അവര്‍ ചോദിക്കുന്നത്. അധികൃതര്‍ ആരും തിരിഞ്ഞു നോക്കാന്‍ തയ്യാറാകുന്നില്ലെന്നും, ഫിഷറീസ് ബജറ്റ് അടക്കം എന്തിനാണ് ചെലവഴിക്കുന്നതെന്നുമാണ് ഇവരുടെ ചോദ്യം. അതേസമയം വിഷയത്തില്‍ ഇന്ന് ഫിഷറീസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

Content Highlights: Five days after the Vizhinjam boat accident, the search for missing fisherman John continues with no breakthrough. His family has appealed for the Indian Navy's assistance, alleging that the current search efforts are inadequate and calling for stronger intervention from both the state and central governments.

dot image
To advertise here,contact us
dot image