

കൊച്ചി: കോതമംഗലം എസ്എച്ചഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിക്ക് മുന്‍കൂര്‍ ജാമ്യമില്ല. അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അര്‍ജുന്‍ ആയങ്കിക്കെതിരായ കേസ് ഗൗരവതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി അനിവാര്യമാണ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും. അര്‍ജുന്‍ ആയങ്കി അന്വേഷണത്തില്‍ ഇടപെടും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ഹൈക്കോടതി വിലയിരുത്തി.
സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതില്‍ അര്‍ജുന്‍ ആയങ്കി അടക്കം ആറ് പേരെ മെയ് മാസം കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ചായിരുന്നു കോതമംഗലം പൊലീസ് അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്റെ കൂട്ടാളികളും കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.
ഈ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അര്‍ജുന്‍ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ സിഐയെ ഭീഷണിപ്പെടുത്തിയത്. കോതമംഗലം സിഐ പ്രശാന്തിനെതിരെയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ആയങ്കിയുടെ പോസ്റ്റ്. 'കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി പോസ്റ്റ് ആരംഭിക്കുന്നത്. ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ നടപടിയെന്നാണ് അര്‍ജുന്‍ ആയങ്കി പോസ്റ്റില്‍ പറഞ്ഞത്. പൊലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ലെന്നും തങ്ങളിത്രപേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്‌മേല്‍ മറിച്ച തന്നെ വെറുതെ വിടില്ലെന്നും അര്‍ജുന്‍ ആയങ്കി പോസ്റ്റില്‍ പറഞ്ഞിരുന്നു.
Content highlights- A court has denied anticipatory bail to Arjun Ayanki in a case registered over an alleged threat against an SHO. The decision comes as part of the ongoing legal proceedings related to the case.