ആര്‍ സുഗതന് അനുകൂലമായ വിവാദ കുറിപ്പ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

ചിത്ര പി അരുണിമയെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് നടപടി

ആര്‍ സുഗതന് അനുകൂലമായ വിവാദ കുറിപ്പ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്
dot image

തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷയില്‍ അനുകൂല തീരുമാനമെടുത്ത ഉദ്യോഗസ്ഥയുടെ വിവാദ കുറിപ്പ് തദ്ദേശ വകുപ്പ് റദ്ദാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി അരുണിമയുടെ ഉത്തരവിലെ അവധി അനുവദിക്കാമെന്ന ഭാഗമാണ് തിരുത്തിയത്. ചിത്ര പി അരുണിമയെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് നടപടി.

ചിത്ര പി അരുണിമയുടെ കുറിപ്പ് സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍. അവമതിപ്പുണ്ടാക്കിയ കുറിപ്പ് സര്‍ക്കാര്‍ തിരുത്തി. ഇതൊരു കീഴ്‌വഴക്കമായി തുടരാതിരിക്കാന്‍ കുറിപ്പ് തന്നെ റദ്ദാക്കിക്കൊണ്ട് പരോള്‍ അനുവദിക്കരുതെന്ന ഭാഗം നിലനിര്‍ത്തുകയും അവധി അനുവദിക്കാമെന്ന ഭാഗം നീക്കം ചെയ്യുകയുമാണ് ഉണ്ടായത്.

വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശത്തെ മറികടന്നുകൊണ്ട്, അനൗദ്യോഗിക കുറിപ്പ് മന്ത്രി അറിയാതെ ചിത്ര പി അരുണിമ നല്‍കുകയും അത് സര്‍ക്കാരിനും വകുപ്പിനും അവമതിപ്പ് ഉണ്ടാക്കുകയും പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കുകയും ചെയ്തു എന്നാണ് വിലയിരുത്തൽ. സര്‍ക്കാര്‍ പ്രതിച്ഛായ വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യുകയും കുറിപ്പ് തിരുത്തുകയും ചെയ്തത്.

വകുപ്പ് മന്ത്രിയുടെ നിര്‍ദേശം മറികടന്നാണ് ചിത്ര, സുഗതന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്. കാപ്പ പ്രകാരം തടങ്കലില്‍ കഴിയുന്ന പ്രതിക്ക് നിയമപരമായി അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തക്കവണ്ണം ബന്ധപ്പെട്ട ഫയലില്‍ ദുരുദ്ദേശത്തോടെ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട് എന്നാണ് ചിത്രയുടെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.

Content Highlights: The Local Self Government Department has cancelled a controversial order linked to R Sugathan. The decision follows criticism that the order appeared to favour him, prompting the department to revoke it.

dot image
To advertise here,contact us
dot image