

പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍ ഗതാഗത മന്ത്രി സി പി ജോണ്‍ മാപ്പ് പറയണമെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം നേതാവുമായി വീണാ ജോര്‍ജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുന്‍ മന്ത്രിയുടെ പ്രതികരണം. യുഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ല സൗജന്യ ബസ് യാത്രയെന്നും വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തിലെ അമ്മമാര്‍ അവരുടെ മക്കളെ എവിടെ പഠിപ്പിക്കണമെന്നും അവരുടെ ഭര്‍ത്താവിനെയും മാതാപിതാക്കളെയും എവിടെ ചികിത്സിക്കണമെന്നും നിശ്ചയിച്ചുകൊടുക്കാന്‍ മന്ത്രി ആരാണെന്നും വീണാ ജോര്‍ജ് ചോദിച്ചു.
ഏത് സ്ത്രീക്കും എവിടെയും ഏത് ബസിലും എപ്പോള്‍ വേണമെങ്കിലും സൗജന്യമായി പോകാമെന്നതായിരുന്നല്ലോ നിങ്ങളുടെ ഉറപ്പ്. ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാന്‍ നിങ്ങള്‍ നല്‍കിയ വാഗ്ദാനമാണ് ഇന്ദിര ഗ്യാരണ്ടി. കേരളത്തിലെ സ്ത്രീകള്‍ നിങ്ങളുടെ ഔദാര്യം തേടി അങ്ങോട്ട് വന്നതല്ലെന്ന് ഓര്‍ക്കുന്നത് നല്ലത്. വോട്ടിന് വേണ്ടി സ്ത്രീകള്‍ക്ക് അങ്ങോട്ട് ചെന്ന് ഉറപ്പ് നല്‍കിയിട്ട് ദാരിദ്ര്യം അഭിനയിച്ച് സ്ത്രീകള്‍ ബസില്‍ കയറുന്നുവെന്ന് പറയുന്ന തിലൂടെ കേരളത്തിലെ സ്ത്രീകളെയാണ് സി പി ജോണ്‍ അപമാനിച്ചിരിക്കുന്നതെന്നും വീണാ ജോർജ് ആരോപിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണം. കേരളത്തിലെ സ്ത്രീകള്‍ക്ക് യു ഡി എഫ് സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ല സൗജന്യ ബസ് യാത്ര. ഏതു സ്ത്രീക്കും എവിടെയും ഏതു ബസിലും എപ്പോള്‍ വേണമെങ്കിലും സൗജന്യമായി പോകാം എന്നതായിരുന്നല്ലോ നിങ്ങളുടെ ഉറപ്പ്. ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാന്‍ നിങ്ങള്‍ നല്‍കിയ വാഗ്ദാനം ! ഇന്ദിര ഗ്യാരണ്ടി കേരളത്തിലെ സ്ത്രീകള്‍ നിങ്ങളുടെ ഔദാര്യം തേടി അങ്ങോട്ട് വന്നതല്ല എന്ന് ഓര്‍ക്കുന്നത് നല്ലത്. വോട്ടിനു വേണ്ടി നിങ്ങള്‍ സ്ത്രീകളോട് അങ്ങോട്ട് ചെന്ന് ഉറപ്പു നല്‍കിയതാണ്. എന്നിട്ട് ദാരിദ്ര്യം അഭിനയിച്ച് സ്ത്രീകള്‍ ബസില്‍ കയറുന്നു എന്ന് പറയുന്ന നിങ്ങള്‍ അപമാനിച്ചിരിക്കുന്നത് കേരളത്തിലെ സ്ത്രീകളെ ആണ്. കേരളത്തിലെ അമ്മമാര്‍ അവരുടെ മക്കളെ എവിടെ പഠിപ്പിക്കണമെന്നും അവരുടെ ഭര്‍ത്താവിനെയും മാതാപിതാക്കളെയും ഒക്കെ എവിടെ ചികില്‍സിക്കണമെന്നും നിശ്ചയിച്ചു കൊടുക്കാന്‍ നിങ്ങള്‍ ആരാണ്?
കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു ഗതാഗത മന്ത്രിയുടെ വിവാദ പരാമര്‍ശം. കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നു. ബസിനു കാശില്ലാത്ത സ്ത്രീകള്‍ സ്വകാര്യ സ്‌കൂളില്‍ കുട്ടികളെ വിടും. എന്നാല്‍ ആശുപത്രിയുടെ കാര്യം വരുമ്പോള്‍ ഇതേ സ്ത്രീകള്‍ പണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വരാന്തയില്‍ കിടക്കുമെന്നുമായിരുന്നു സി പി ജോണിന്റെ പരാമര്‍ശം.
Content Highlights: Veena George criticized CP John over his remarks on free bus travel, demanding that he apologize. She said the free bus travel scheme is not a generosity of the UDF government, and her response has added to the political debate surrounding the issue.