

മലപ്പുറം: പാണക്കാട്-മലപ്പുറം റോഡിലെ മണ്ണിടിച്ചിലില്‍ പ്രതികരിച്ച് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍. വലിയ മണ്ണിടിച്ചിലാണ് നടന്നതെന്ന് മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കളക്ടറോട് സംസാരിച്ചെന്നും അനില്‍കുമാര്‍ വ്യക്തമാക്കി. അപകടസ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരമെന്നും അദ്ദേഹം പറഞ്ഞു.
'നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിരുന്നോ എന്ന് പരിശോധിക്കും. അനുമതി ഇല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഭാഗ്യം കൊണ്ടാണ് ആളപായമില്ലാതിരുന്നത്. നിലവില്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ അന്വേഷിക്കും. ആദ്യം രക്ഷാപ്രവര്‍ത്തനം നടക്കട്ടേ. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തുണ്ട്. വളരെ പെട്ടെന്ന് മണ്ണ് നീക്കം ചെയ്യും', എ പി അനില്‍കുമാര്‍ പറഞ്ഞു.
അതേസമയം മണ്ണിടിച്ചില്‍ നടന്ന ഭൂമി ആരുടേതാണെന്ന് അറിയില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഉമ്മറും റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഒരു സ്വകാര്യ കമ്പനി ഷോപ്പിങ് കോംപ്ലക്‌സിന് വേണ്ടി വാങ്ങിയ ഭൂമിയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശമെന്ന് അവരെ അറിയിച്ചിരുന്നുവെന്നും കെട്ടിടത്തിനുള്ള അനുമതി നഗരസഭ നല്‍കിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഉമ്മര്‍ കൂട്ടിച്ചേര്‍ത്തു.
ഈ സ്ഥലം നൗഫല്‍ എന്നയാളുടെ പേരിലാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ റിന്‍ഷ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തന്റെ ഭരണസമിതി അനുമതി നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. നഗരസഭ ബില്‍ഡിങ് പെര്‍മിഷന്‍ നേരത്തെ നല്‍കിയിട്ടുണ്ട്. എന്തിന് വേണ്ടിയാണ് നിര്‍മാണം എന്നറിയില്ലെന്നും റിന്‍ഷ പറഞ്ഞു.
അതേസമയം മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തിന് സമീപമുള്ള സ്‌ട്രെയ്റ്റ്പാത്ത് അന്താരാഷ്ട്ര സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പൂര്‍ണമായി മാറ്റിപ്പാര്‍പ്പിച്ചു. ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. നാല് വര്‍ഷം മുമ്പ് സ്‌കൂളിന് താഴെ മണ്ണ് ഇടിഞ്ഞിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്‌കൂളും ഹോസ്റ്റലും മാത്രമാണ് മണ്ണിടിഞ്ഞതിന് മുകളില്‍ സ്ഥിതി ചെയ്യുന്നത്. മണ്ണിടിച്ചിലില്‍ കൈരളി ടിവി മലപ്പുറം ബ്യൂറോ ക്യാമറ പേഴ്സണ്‍ ജയേഷ് വില്ലൊടിക്ക് പരിക്കേറ്റു.
Content Highlights: Revenue Minister A P Anilkumar has reacted to the landslide reported on the Panakkad-Malappuram road