

ലഖ്‌നൗ: പപ്പു യാദവ് എംപിക്ക് നേരെ ചെരുപ്പേറ്. അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പപ്പു യാദവിന് നേരെ ചെരുപ്പേറുണ്ടായത്. ആയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ പാര്‍ലമെന്റിന് മുന്നില്‍ പപ്പു യാദവ് നടത്തിയ ആക്ഷേപ ഹാസ്യ പ്രതിഷേധമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. പപ്പു യാദവ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഒരാള്‍ സംസാരം തടസപ്പെടുത്തി എംപി രാമനെ അപമാനിച്ചെന്നാരോപിച്ച് ചെരുപ്പ് എറിയുകയായിരുന്നു. 34 വയസുള്ള സുമിത്ത് എന്ന ആളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ക്ക് മുന്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഇയാളെ രക്ഷപ്പെടാന്‍ സഹായിക്കുന്നതിനായി മറ്റൊരാള്‍ പുറത്ത് കാത്തുനിന്നിരുന്നെന്നും പൊലീസ് പറയുന്നു.
രാമക്ഷേത്ര സംഭാവന കൊള്ളയില്‍ പപ്പു യാദവും രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ എംപിമാരും പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പ്രതിഷേധം നേരത്തെ വിവാദമായിരുന്നു. വാരണസി പൊലീസ് സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ക്കെതിരെ കേസും എടുത്തിരുന്നു. രാഹുല്‍ ഗാന്ധിയെ കൂടാതെ എംപിമാരായ പപ്പു യാദവ്, അവദേശ് പ്രസാദ് എന്നിവരുടെ പേരും എഫ്ഐആറിലുണ്ടായിരുന്നു.
അയോധ്യ സംഭാവനാ തട്ടിപ്പില്‍ വേറിട്ട പ്രതിഷേധമായിരുന്നു പപ്പു യാദവും മറ്റ് പ്രതിപക്ഷ എംപിമായും നടത്തിയത്. കാവി വസ്ത്രം ധരിച്ച് ആക്ഷേപഹാസ്യ നാടകം അവതരിപ്പിച്ചായിരുന്നു പ്രതിഷേധം. രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാരും ഭാഗമായി. തെരുവുനാടകത്തിന്റെ രൂപത്തിലായിരുന്നു പപ്പു യാദവിന്റെ അവതരണം.
സംഭാവനകള്‍ സ്വീകരിക്കാനുള്ള പെട്ടിയുമായി പപ്പു യാദവ് പാര്‍ലമെന്റിന്റെ മുറ്റത്ത് തറയിലിരുന്നു. സംഭാവന നല്‍കുന്ന ഭക്തരെപ്പോലെ അഭിനയിച്ച് രാഹുല്‍ ഗാന്ധിയടക്കമുള്ള മറ്റ് പ്രതിപക്ഷ എംപിമാര്‍ പെട്ടിയില്‍ പണമിട്ടു. ഈ പണം സ്വന്തം പോക്കറ്റിലേക്ക് മാറ്റുന്ന പുരോഹിതനായാണ് പപ്പു അഭിനയിച്ചത്. ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞ് തടയാനെത്തിയ ഭക്തനായി സമാജ് വാദി പാര്‍ട്ടി എംപി അവദേശ് പ്രസാദും ധര്‍മേന്ദ്ര യാദവും അഭിനയിച്ചു. പ്രിയങ്ക ഗാന്ധി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ നിന്നുള്ള എംപി മഹുവ മാജി എന്നിവരും നാടകത്തില്‍ പങ്കാളികളായിരുന്നു. സംഭവത്തില്‍ സ്പീക്കര്‍ ഓം ബിര്‍ല എംപിമാര്‍ക്ക് താക്കീത് നല്‍കിയിരുന്നു.
Content Highlights: Independent MP Pappu Yadav faced a security breach after a shoe was thrown at him during a press conference at his residence. Police detained the accused and are investigating the motive behind the incident, including possible links to recent political protests.