

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം നല്‍കി ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം വിജിലൻസിന് മന്ത്രി കത്ത് നൽകി. മില്‍മ-ശബരിമല കരാറും അതിലെ ക്രമക്കേടുകളും ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം.
അതേസമയം ശബരിമലയിലെ നെയ്യ് ക്രമക്കേട് ഗൗരവതരമാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തി. ക്രമക്കേട് എസ്‌ഐടി രൂപീകരിച്ച് ക്രൈം രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇ-ടെന്‍ഡര്‍ ഉപേക്ഷിച്ച് ഉയര്‍ന്ന വിലയ്ക്ക് മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങിയതില്‍ സംശയമുണ്ട്. കമ്മീഷണറുടെ എതിര്‍പ്പ് അവഗണിച്ചാണ് മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനമെന്ന് കോടതി വിലയിരുത്തി. 1.61 ലക്ഷം ലിറ്റര്‍ നെയ്യ് മുഴുവന്‍ സന്നിധാനത്ത് എത്തിയോ എന്നതിലും സംശയമുണ്ട്. ലഭിച്ച നെയ്യിന്റെ ഗുണനിലവാരം സ്വതന്ത്രമായി പരിശോധിച്ചില്ല. ഗതാഗതം, കണക്കുകള്‍, ബാച്ച് നമ്പറുകള്‍ എന്നിവയില്‍ ഗുരുതര പൊരുത്തക്കേടുകളുണ്ട്. താഴ്ന്ന നിലവാരത്തിലുള്ള നെയ്യ് ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയും അന്വേഷിക്കണം. ദേവസ്വം ബോര്‍ഡിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായേക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ശബരിമലയിലെ നെയ്യ് ക്രമക്കേടിൽ ക്രൈംബ്രാഞ്ചിൻ്റെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്. ദേവസ്വം സെക്രട്ടറി രാജമാണിക്യം നടത്തിയ അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. മില്‍മയില്‍ നിന്ന് ശബരിമലയിലേക്ക് നെയ്യ് കൊണ്ടുപോയ രീതി ഉള്‍പ്പെടെ അന്വേഷണ വിധേയമാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
ശബരിമലയിലേയ്ക്കുള്ള മിൽമയുടെ നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മിൽമയ്ക്ക് 85 ലക്ഷം രൂപയ്ക്കുമേൽ നഷ്ടമുണ്ടായതായുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
Content Highlights: K Muraleedharan has directed Devaswom Vigilance to investigate alleged irregularities related to ghee at Sabarimala.