ഖത്തറിൽ തരംഗമാകാൻ ഡ്രൈവറില്ലാ റോബോടാക്സികൾ; രണ്ടാം ഘട്ട പരീക്ഷണ ഓട്ടത്തിന് തുടക്കമായി

റൂട്ടുകൾ കൃത്യമായി കണ്ടെത്താനും ചുറ്റുമുള്ള മാറ്റങ്ങൾ മനസ്സിലാക്കി മനുഷ്യന്റെ ഇടപെടലില്ലാതെ സുരക്ഷിതമായി തീരുമാനങ്ങളെടുക്കാനും വാഹനങ്ങൾക്ക് സാധിക്കും

ഖത്തറിൽ തരംഗമാകാൻ ഡ്രൈവറില്ലാ റോബോടാക്സികൾ; രണ്ടാം ഘട്ട പരീക്ഷണ ഓട്ടത്തിന് തുടക്കമായി
dot image

ഖത്തറിൽ 'ഡ്രൈവറില്ലാ' ഇലക്ട്രിക് റോബോടാക്സികളുടെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടത്തിന് തുടക്കമായി. സുരക്ഷയ്ക്ക് മുൻ​ഗണന നൽകികൊണ്ട് ആയിരക്കണക്കിന് പരീക്ഷണ യാത്രകൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ വാഹനത്തിനുള്ളിൽ ഡ്രൈവർമാർ ഇല്ലാതെ തന്നെ ടാക്സികൾ നിരത്തിലിറക്കുന്നത്.

നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയും അത്യാധുനിക ലിഡാർ (LiDAR) സെൻസറുകളും ഉപയോഗിച്ചാണ് റോബോടാക്സികൾ പ്രവർത്തിക്കുന്നതെന്ന് ഗതാഗത മന്ത്രാലയത്തിലെ ട്രാഫിക് എഞ്ചിനീയറിങ് ആൻഡ് റോഡ് സേഫ്റ്റി വിഭാഗം മേധാവി മുഹമ്മദ് ജാസിം അൽ ഷൈബാനി വ്യക്തമാക്കി. റൂട്ടുകൾ കൃത്യമായി കണ്ടെത്താനും ചുറ്റുമുള്ള മാറ്റങ്ങൾ മനസ്സിലാക്കി മനുഷ്യന്റെ ഇടപെടലില്ലാതെ സുരക്ഷിതമായി തീരുമാനങ്ങളെടുക്കാനും വാഹനങ്ങൾക്ക് സാധിക്കും. വാഹനത്തിന് മുകളിൽ ഘടിപ്പിച്ചിട്ടുള്ള ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം ബോക്സുകളാണ് റോബോടാക്സികളെ സാധാരണ കാറുകളിൽ നിന്ന് വേറിട്ടുനിർത്തുന്നത്.

യാത്രക്കാരുടെ സുരക്ഷയ്ക്ക് തന്നെയാണ് പദ്ധതി ആരംഭിച്ചത് മുതൽ മുൻഗണന നൽകിയിട്ടുള്ളതെന്ന് അധികൃതർ പ്രതികരിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2,500 ഓളം പരീക്ഷണ യാത്രകൾ നടത്തി. ഇതിൽ 94 ശതമാനം യാത്രകളും വിജയകരമായിരുന്നു. ആദ്യഘട്ടത്തിലെ ഉയർന്ന ജനപ്രീതി പരിഗണിച്ചാണ് റോബോടാക്സികളുടെ പരീക്ഷണ യാത്ര രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചത്. നിലവിൽ മുൻകൂട്ടി നിശ്ചയിച്ച റൂട്ടുകളിൽ ഓടുന്ന വാഹനങ്ങളെ വിദൂര നിയന്ത്രണ സംവിധാനങ്ങൾ (Remote Monitoring) വഴിയാണ് നിരീക്ഷിക്കുന്നത്.

ഖത്തറിന്റെ സ്മാർട്ട് മൊബിലിറ്റി തന്ത്രത്തിന്റെ ഭാഗമായി 2025 ജൂണിലാണ് ഗതാഗത മന്ത്രാലയം ലെവൽ-4 ഓട്ടോണമസ് ടാക്സികളുടെ പരീക്ഷണ ഓട്ടം പ്രഖ്യാപിച്ചത്. വാഹനം കൃത്യമായി സഞ്ചരിക്കുന്നതിനും തടസ്സങ്ങൾ തിരിച്ചറിയുന്നതിനുമായി ഓരോ റോബോടാക്സിയിലും ആറ് ക്യാമറകൾ, നാല് റഡാറുകൾ, നാല് ലിഡാർ സെൻസറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Driverless robotaxis have entered the second phase of trial operations in Qatar. The initiative is part of efforts to develop smart and autonomous transportation solutions in the country.

dot image
To advertise here,contact us
dot image