ലോകകപ്പ് ഓഹരികള്‍ വില്‍ക്കാന്‍ ഇന്‍ഫാന്റിനോ; കടുത്ത നിലപാടുമായി യുവേഫ

ലോകകപ്പിനെ വില്‍ക്കരുതെന്ന് യുവേഫ, ലോകകപ്പ് വില്‍ക്കാന്‍ ഫിഫയ്ക്ക് യാതൊരു അവകാശവുമില്ലെന്നും മുന്നറിയിപ്പ്

ലോകകപ്പ് ഓഹരികള്‍ വില്‍ക്കാന്‍ ഇന്‍ഫാന്റിനോ; കടുത്ത നിലപാടുമായി യുവേഫ
dot image

ഫുട്‌ബോള്‍ ലോകകപ്പിന്റെ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാന്‍ ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫ. ഫുട്‌ബോള്‍ ഭരണസംവിധാനങ്ങള്‍ ഒരിക്കലും കടക്കാന്‍ പാടില്ലാത്ത അതിരുകളാണ് ഇത്തരം നീക്കങ്ങളിലൂടെ ലംഘിക്കപ്പെടുന്നതെന്ന് യുവേഫ മുന്നറിയിപ്പ് നല്‍കി.

ഫിഫയുടെ പക്കലുള്ള ലോകകപ്പ് ടൂര്‍ണമെന്റിന്റെ കമേഴ്‌സ്യല്‍ അവകാശങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ വില്‍ക്കുന്നത് ഫുട്‌ബോളിന്റെ ആത്മാവിനെത്തന്നെ തകര്‍ക്കുമെന്ന് യുവേഫ വ്യക്തമാക്കി. 'നമ്മളാരും ഫുട്‌ബോളിന്റെ ഉടമസ്ഥരല്ല. ലോകകപ്പ് വില്‍ക്കാന്‍ ഫിഫയ്ക്ക് യാതൊരു അവകാശവുമില്ല. സാമ്പത്തികമായി ആര്‍ക്കാണ് ലാഭമുണ്ടാകുന്നതെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തില്‍, ഫുട്‌ബോളിന്റെ ആത്മാവും ഭരണവും കച്ചവട വസ്തുക്കളാക്കാന്‍ പാടില്ല.' -യുവേഫ പ്രസ്താവനയില്‍ വ്യക്തമാക്കി.

പദ്ധതി ഇങ്ങനെ
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോകകപ്പിന്റെ ഭൂരിഭാഗം നിയന്ത്രണവും ഫിഫയുടെ പക്കല്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ന്യൂനപക്ഷ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്കും വിവിധ അംഗരാജ്യങ്ങളിലെ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കും വില്‍ക്കാനാണ് നീക്കം നടക്കുന്നത്. 'ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്' എന്ന പുതിയ വാണിജ്യ വിഭാഗം രൂപീകരിച്ച് അടുത്ത 4 വര്‍ഷത്തിനുള്ളില്‍ 10 ബില്യണ്‍ ഡോളറിലധികം തുക ഫുട്‌ബോള്‍ വികസനത്തിനായി കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. ടൂര്‍ണമെന്റിന്റെ നോണ്‍-കണ്‍ട്രോളിങ് ഓഹരികള്‍ വിറ്റഴിച്ച് പുറത്തുനിന്നുള്ള നിക്ഷേപകരില്‍ നിന്ന് 4.2 ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പ്രമുഖ വെഞ്ചര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ത്രൈവ് ക്യാപിറ്റലിന്റെ ജോഷ്വ കുഷ്‌നറുടെ നേതൃത്വത്തിലുള്ള സംഘമാണ് നിക്ഷേപത്തിന് മുന്നിലുള്ളതെന്നാണ് സൂചന. (അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനായ ജാരെദ് കുഷ്‌നറുടെ സഹോദരനാണ് ജോഷ്വ കുഷ്‌നര്‍).

ഇന്‍ഫാന്റിനോയ്ക്ക് പുതിയ ചുമതല?
2031-ല്‍ ഫിഫ പ്രസിഡന്റ് പദവി ഒഴിയുന്നതോടെ ഇന്‍ഫാന്റിനോ ഈ പുതിയ കമ്പനിയുടെ 'കമ്മീഷണര്‍' സ്ഥാനത്തേക്ക് എത്തിയേക്കും. നിലവില്‍ ഫുട്‌ബോള്‍ ആരാധകരില്‍ നിന്നും വിവിധ ക്ലബ്ബുകളില്‍ നിന്നും ഈ തീരുമാനത്തിനെതിരെ കടുത്ത അമര്‍ഷമാണ് ഉയര്‍ന്നുവരുന്നത്. യൂറോപ്പിലെ 55 ദേശീയ അസോസിയേഷനുകളെ പ്രതിനിധീകരിക്കുന്ന യുവേഫ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. യുവേഫയുടെ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ടുപോവുകയെന്നത് പ്രയാസകരമായിരിക്കും. ഫുട്‌ബോള്‍ ലോകകപ്പിലെ വിവിധ വിവാദങ്ങളില്‍ ഫിഫയ്‌ക്കെതിരെ യുവേഫ രൂക്ഷമായി പ്രതികരിച്ചിരുന്നു. വീണ്ടും വിവാദമുണ്ടാകുന്നത് ഫിഫയ്ക്ക് ദോഷം ചെയ്യുമെന്നാണ് സൂചന.

content highlights: Infantino Plans to Sell World Cup Stakes; UEFA Takes a Firm Stance

dot image
To advertise here,contact us
dot image