

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ അധ്യാപികമാരുടെ അറസ്റ്റില്‍ കൂടുതല്‍ കണ്ടെത്തലുകള്‍. ലഹരി സംഘം സാമ്പത്തിക ഇടപാടിന് സ്ത്രീകളെ മറയാക്കിയെന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാടിനായി ഉപയോഗിച്ചത് നേരത്തെ അറസ്റ്റിലായ അധ്യാപികമാരുടെ അക്കൗണ്ടുകളാണെന്നും എംഡിഎംഎ വലിയ അളവില്‍ വാങ്ങിയതും വിറ്റതും ഇവരുടെ അക്കൗണ്ടുകളിലൂടെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മറ്റൊരു അധ്യാപികയും സംശയത്തിന്റെ നിഴലിലാണ്. കൂടുതല്‍ പേരുടെ ബാങ്ക് വിവരങ്ങള്‍ പൊലീസ് പരിശോധിക്കും. ഇന്നലെയാണ് അധ്യാപികയായ കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കായിക അധ്യാപികയായ കീര്‍ത്തനയേയും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇതുവരെ രണ്ട് അധ്യാപികമാരാണ് അറസ്റ്റിലായത്.
എംഡിഎംഎ ഇടപാടുകളുടെ പണം അക്കൗണ്ടിലൂടെ വാങ്ങിയതിനാണ് പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യല്‍ എജുക്കേറ്റര്‍ കൂരാച്ചുണ്ട് ചെറുക്കാടിലെ കൊല്ലനാരി കെ. കാവ്യ (29) യെ വടകര പൊലീസ് പിടിക്കൂടിയത്. ജൂലായ് 11-ന് ഇതേകുറ്റത്തിന് കാവ്യയുടെ സുഹൃത്തും പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികയുമായ മരുതോങ്കര സ്വദേശിനി കീര്‍ത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കീര്‍ത്തനയുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാവ്യയിലേക്കെത്തിയത്. എംഡിഎംഎ ആവശ്യക്കാര്‍ കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. പണം ലഭിച്ചാല്‍ ആവശ്യക്കാര്‍ക്ക് ഫോണില്‍ ലൊക്കേഷന്‍ അയച്ചുനല്‍കും. ഇവിടെ എത്തിയാല്‍ മറ്റൊരാള്‍ എത്തി എംഡിഎംഎ കൈമാറുന്നതായിരുന്നു രീതി.
Content Highlights: The investigation into the Vadakara drug case has taken a new turn with the arrest of teachers. Probe findings indicate that women were allegedly used as intermediaries for financial transactions linked to the case. Police are continuing the investigation to identify others involved.