

കൊച്ചി: കൊച്ചി തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം സംഘര്‍ഷം. യുവാക്കള്‍ തമ്മില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറിലെത്തിയ സംഘം വഴിലൂടെ നടന്നുപോയ മൂന്നംഗ സംഘത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വാഴക്കാല സ്വദേശികളായ ഷാഫി (24), നിസാം (25), അച്ചു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ എത്തിയ സംഘം വഴിയിലൂടെ നടന്നു പോകുന്ന യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സമയം ചില ചായക്കടകള്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അവിടെ മറ്റ് ആളുകളും ഉണ്ടായിരുന്നു. പല തവണ മര്‍ദ്ദിക്കുകയും മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടിയേറ്റ് താഴെ വീണ യുവാക്കളെ ഈ സംഘം ചവിട്ടുന്നതും കാണാം.
മര്‍ദനത്തിന് ശേഷം പ്രതികള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. യുവാക്കളെ ആക്രമിച്ചത് ആരാണെന്നതിലോ ഇതിന് കാരണമെന്തെന്നതിലോ വ്യക്തതയില്ല. പരിക്കേറ്റ ഷാഫി, നിസാം എന്നിവര്‍ക്ക് മുഖത്താണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ അച്ചുവിനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്. കാര്‍ ഉടമ കോട്ടയം സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും കാര്‍ ഇപ്പോഴും കാക്കനാട് ഭാഗത്ത് തന്നെ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
Content Highlights: Three youths were injured in a clash near NGO Quarters in Thrikkakara during the early hours of the day after a group arriving in a car allegedly attacked them. Police have launched an investigation by tracing the vehicle's registration number to identify those involved.