CMRL-എക്‌സാലോജിക് കേസ്:വീണയ്‌ക്കെതിരെ നിര്‍ണായക തെളിവുകള്‍ EDക്ക്, ഇന്‍വോയ്‌സ് ഇല്ലാതെയും ലക്ഷങ്ങള്‍ കൈപ്പറ്റി

സിഎംആര്‍എല്ലിന്റെ തട്ടിപ്പ് രീതിയെ കുറിച്ചും ഇഡി റിപ്പോര്‍ട്ടിലുണ്ട്

CMRL-എക്‌സാലോജിക് കേസ്:വീണയ്‌ക്കെതിരെ നിര്‍ണായക തെളിവുകള്‍ EDക്ക്, ഇന്‍വോയ്‌സ് ഇല്ലാതെയും ലക്ഷങ്ങള്‍ കൈപ്പറ്റി
dot image

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി ക്കെതിരെ നിര്‍ണായക തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചു. ഇന്‍വോയ്സ് ഇല്ലാതെയും വീണ സിഎംആര്‍എല്ലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. 2017 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 45 ലക്ഷമാണ് കൈപ്പറ്റിയത്. വീണയ്ക്ക് പങ്കാളിത്തമുള്ള കമ്പനിയായ ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷനെ കേന്ദ്രീകരിച്ചും കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

സിഎംആര്‍എല്ലിന്റെ തട്ടിപ്പ് രീതിയെ കുറിച്ചും ഇഡി റിപ്പോര്‍ട്ടിലുണ്ട്. ചരക്ക് നീക്കത്തിന്റെ ചെലവെന്ന പേരില്‍ ട്രാന്‍സ്‌പോര്‍ട്ടര്‍മാരുടെ അക്കൗണ്ടിലേക്ക് പണം കൈമാറുകയും പിന്നാലെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് സിഎംആര്‍എല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കുന്നതുമാണ് തട്ടിപ്പിന്റെ രീതി. ഇതിന് ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്ക് 7% കമ്മീഷനാണ് ലഭിക്കുക. ട്രാന്‍സ്‌പോര്‍ട്ടര്‍മാരുടെ ചോദ്യം ചെയ്യലിലാണ് പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേസില്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളുടെ കണ്ടുകെട്ടല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഇ ഡി റെയ്ഡിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു. വീണ ടി യുടെ സ്വന്തം പേരിലും കമ്പനികളുടെ പേരിലുമായി നിക്ഷേപിച്ച 17.22 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. ശശിധരന്‍ കര്‍ത്തയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 26 കോടിയും മരവിപ്പിച്ചിരുന്നു. റെയ്ഡില്‍ വീണയുടെ വീട്ടില്‍ നിന്ന് ഐഫോണിന് പുറമേ പിടിച്ചെടുത്ത ഡയറിയും ഇ ഡി പരിശോധിക്കുകയാണ്. അഡ്ജുഡിക്കേറ്റിങ് അതോറിറ്റി പ്രതികളോട് വിശദീകരണം തേടിയ ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

വീണയ്ക്കും മുന്‍മുഖ്യമന്ത്രി പിണറായി വിജയനും കുരുക്കാകുന്ന ശശിധരന്‍ കര്‍ത്തയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയുടെ സ്ഥാപനത്തിന് കരാര്‍ നല്‍കിയതെന്നാണ് കര്‍ത്തയുടെ മൊഴിയിലുള്ളത്. 2024 ഏപ്രിലില്‍ വീട്ടില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലിലായിരുന്നു കര്‍ത്തയുടെ വെളിപ്പെടുത്തല്‍.

2024 ഏപ്രിലിലാണ് സിഎംആര്‍എല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന് പിന്നാലെ നടത്തിയ വേഗത്തിലുള്ള നടപടിയുടെ ഭാഗമായാണ് അതേവര്‍ഷം ഏപ്രിലില്‍ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. പല തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാന്‍ തയ്യാറാകാത്തതിനാലായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കൂടി പരിഗണിച്ച് ഇ ഡി വീട്ടിലെത്തിയത്. ഇവിടെ വെച്ചാണ് സിഎംആര്‍എലിന് വീണയുടെ കമ്പനി യാതൊരു സേവനവും നല്‍കിയിട്ടില്ലെന്ന് എംഡി തന്നെ മൊഴി നല്‍കിയത്. സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായും ഇ ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ അന്വേഷണം പിണറായി വിജയനിലേക്ക് കൂടി നീങ്ങുന്നുവെന്നാണ് വിവരം. 2016-2021 കാലയളവിലെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എതെങ്കിലും തരത്തിലുള്ള വഴിവിട്ട സഹായം സിഎംആര്‍എല്ലിന് ലഭിച്ചിട്ടുണ്ടോ എന്നതിലാണ് അന്വേഷണം നടക്കുന്നത്.

Content Highlights: The Enforcement Directorate has reportedly obtained crucial evidence in the CMRL-Exalogic financial transactions case involving Veena T.

dot image
To advertise here,contact us
dot image