

തിരുവനന്തപുരം: ആറ്റുകാലില്‍ വയോധികയായ അമ്മക്ക് മകന്റെ ക്രൂര മര്‍ദനം. ആറ്റുകാല്‍ സ്വദേശി 73 കാരിയായ സരസ്വതി അമ്മയ്ക്കാണ് മകന്റെ മര്‍ദനമേറ്റത്. ദേഹമാസകലം മുറിവേറ്റ പാടുകളുണ്ട്. ചൂണ്ട് ഇടിച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് എട്ടോളം സ്റ്റിച്ചുകളാണ് ഇട്ടിരിക്കുന്നത്. അമ്മയെ മകന്‍ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തതായി പതാതിയുണ്ട്. അമ്മയുടെ പേരിലുള്ള വസ്തു വെച്ച് അഞ്ച് ലക്ഷം രൂപയാണ് മകനായ മധു ലോണ്‍ എടുത്തിരിക്കുന്നത്.
ഈ ലോണ്‍ വയോധികയായ സരസ്വതി അമ്മ വീട്ട് ജോലിക്ക് പോയാണ് അടയ്ക്കുന്നതെന്നും ഇവര്‍ പറയുന്നു. വീട് ഒഴിയണമെന്ന ഫോര്‍ട്ട് പൊലീസിന്റെ മുന്നറിയിപ്പും മകന്‍ മധു അവഗണിച്ചെന്നാണ് വിവരം. മധുവിന്റെ ഭാര്യ ആതിരയും അമ്മയെ മര്‍ദിച്ചതായാണ് പരാതി. ചുണ്ട് ഇടിച്ച് പൊട്ടിച്ചത് മരുമകളാണെന്നാണ് വിവരം. തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. അയല്‍വാസിയായ ഒരാളുടെ വീട്ടിലാണ് നിലവില്‍ സരസ്വതി അമ്മ ഉള്ളത്. ചൊവ്വാഴ്ച വീട്ടിലെത്തി തന്റെ പ്രശ്‌നങ്ങള്‍ പറയുന്നതിനിടെ മരുമകള്‍ ആക്രമിച്ചു എന്നാണ് അമ്മ പറയുന്നത്. ലോണ്‍ തുക കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ അടയ്ക്കുന്നുണ്ടെന്നും സരസ്വതി അമ്മ പറയുന്നു.
അതേസമയം റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ വിഷയത്തില്‍ മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടിട്ടുണ്ട്. അമ്മയ്ക്ക് ചികിത്സ ഉറപ്പാക്കുമെന്നും അടിയന്തിരമായി നിയമ നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. നടന്നത് ക്രൂരമായ സംഭവമെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സംഭവത്തില്‍ കേസെടുക്കാനും മകനെ അറസ്റ്റ് ചെയ്യാനുമുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ആദ്യം ഫോര്‍ട്ട് പൊലീസില്‍ അമ്മ പരാതി നല്‍കിയിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല. കുംടുംബ പ്രശ്‌നം എന്ന നിലയില്‍ പരിഹരിക്കാനായിരുന്നു നീക്കം. എന്നാല്‍ റിപ്പോര്‍ട്ടര്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസ് നീക്കം.
Content Highlights: A 73-year-old woman from Attukal in Thiruvananthapuram has lodged a complaint against her son and daughter-in-law, alleging she was injured and forced to leave her home. Police are looking into the matter.