

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ നടപടിക്ക് പിന്നാലെ വകുപ്പുതല അന്വേഷണം ഉടന്‍ ആരംഭിക്കും. കുറ്റപത്രം കൊടുക്കുന്നതിനു മുന്നോടിയായാണ് ആന്വേഷണം. ഡിജിപി റാങ്ക് ഉള്ള ഉദ്യോഗസ്ഥന് ആയിരിക്കും അന്വേഷണ ചുമതല. ഡിജിപി യോഗേഷ് ഗുപ്തയാണ് പരിഗണനയില്‍ എന്നാണ് വിവരം. അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കാനാണ് നീക്കം. കേസില്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തും. അജിത് കുമാറിന്റെ ഭാഗം കേള്‍ക്കാനും നീക്കമുണ്ട്. അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍ ക്രിമിനല്‍ കേസെടുക്കാനും ശമ്പള വര്‍ദ്ധന തടയാനുമാണ് നീക്കം നടക്കുന്നത്.
എസ്പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചു എന്ന ആരോപണം വരുന്നത്. എന്നാല്‍ എസ്പിയേക്കാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് എഡിജിപി എന്നുള്ളതിനാല്‍ അന്വേഷണം അട്ടിമറിച്ചെന്ന് കണ്ടെത്തിയിട്ടും നടപടിക്ക് ശുപാര്‍ശ ചെയ്യാനോ മറ്റ് നടപടികള്‍ എടുക്കാനോ കഴിഞ്ഞിരുന്നില്ല. പിന്നാലെ പഴുതടച്ചുള്ള അന്വേഷണം എന്ന നിലയിലാണ് വകുപ്പ് തല അന്വേഷണം ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറക്കാനാണ് നീക്കം. എല്ലാ ഭാഗവും പരിശോധിച്ചുള്ള അന്വേഷണമാണ് നടത്താന്‍ ലക്ഷ്യമിടുന്നത്. സാക്ഷി മൊഴികള്‍ എടുക്കുന്നതോടൊപ്പം എം ആര്‍ അജിത് കുമാറിന് പറയാനുള്ളത് പറയാനും രേഖകള്‍ ഹാജരാക്കാനും അവസരം നല്‍കും. നിരപരാധിയാണെന്ന് തെളിയിക്കാനായാല്‍ അജിത് കുമാര്‍ കേസില്‍ നിന്ന് മുക്തനാകുകയും ചെയ്യും.
ഡിജിപി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അജിത് കുമാറിനെതിനെതിരെ നടപടി വന്നത്. കേസ് അട്ടിമറിയില്‍ ഇടപെടല്‍ വ്യക്തമായതോടെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നല്‍കിയത്. സസ്‌പെന്‍ഷന്‍ ലഭിച്ചതോടെ എം ആര്‍ അജിത് കുമാറിന്റെ പ്രൊമോഷന്‍ തടയപ്പെടും. ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കില്ല. ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനകേസ് അട്ടിമറിച്ചെന്ന കണ്ടെത്തലുള്ള എസ്‌ഐടി റിപ്പോര്‍ട്ട് ഡിജിപി കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഗണ്‍മാന്‍മാരുടെ മര്‍ദ്ദനക്കേസ് എം ആര്‍ അജിത് കുമാര്‍ അട്ടിമറിച്ചു എന്നാണ് എസ്‌ഐടി കണ്ടെത്തല്‍. മര്‍ദ്ദന കേസിലെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്നും തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെന്നുമായിരുന്നു അജിത് കുമാറിനെതിരെ എസ്ഐടിയുടെ കണ്ടെത്തലുണ്ട്. എഡിജിപി അജിത് കുമാര്‍ പറഞ്ഞിട്ടാണ് തിരുത്തല്‍ നടത്തിയതെന്നാണ് എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. അജിത് കുമാറിനെതിരെ മുന്‍ അന്വേഷണ സംഘത്തിന്റെ മൊഴി ഉള്‍പ്പടെ എസ്ഐടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. അജിത് കുമാര്‍ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ചെന്നും മൊഴിയുണ്ടായിരുന്നു.
Content Highlights: A departmental inquiry is expected to begin against ADGP M R Ajith Kumar following findings that he allegedly interfered with the Alappuzha rescue case investigation. A DGP-rank officer is likely to head the probe, during which witness statements will be recorded and Ajith Kumar will be given an opportunity to present his defence before further disciplinary or legal action is considered.