എന്തുകൊണ്ട് പവർകട്ട്? ജനം ഒരു മണിക്കൂർ ഇരുട്ടിൽ കഴിയട്ടെയെന്ന് തീരുമാനിക്കുമോ! വിശദീകരിച്ച് മുഖ്യമന്ത്രി

'മുപ്പത് ദിവസം കൊണ്ട് ഞങ്ങള്‍ ഉണ്ടാക്കിയ പ്രതിഭാസമല്ല പവര്‍ക്കട്ട്.ഔചിത്യമില്ലാത്ത പ്രചരണമാണ് നടക്കുന്നത്'

എന്തുകൊണ്ട് പവർകട്ട്? ജനം ഒരു മണിക്കൂർ ഇരുട്ടിൽ കഴിയട്ടെയെന്ന് തീരുമാനിക്കുമോ! വിശദീകരിച്ച് മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: പവര്‍കട്ടിന്റെ കാരണം വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഡിമാന്റ് ആണ് ഈ സീസണില്‍ വൈദ്യുതിക്ക് ഉണ്ടായിരിക്കുന്നതെന്നും മുപ്പത് ദിവസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിഭാസമല്ല പവര്‍കട്ട് എന്നും വി ഡി സതീശന്‍ പറഞ്ഞു. കനത്ത മഴക്കുറവ്, അണക്കെട്ടുകളിലെ ജലശേഖരണത്തിലെ ഇടിവ്, ഹൈഡല്‍ പവര്‍ ഉല്‍പ്പാദനത്തിലുണ്ടായ 80 ശതമാനത്തിന്റെ കുറവ്, ദേശീയ വൈദ്യുതി വിപണിയില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാതിരുന്ന പ്രശ്‌നം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതി ഉപയോഗത്തില്‍ ഉണ്ടായ ആയിരം മെഗാവാട്ടിന്റെ വര്‍ധനവ് എന്നിവയെല്ലാം വൈദ്യുതി ഉല്‍പ്പാദനക്കുറവിലേക്ക് അതുവഴി പവര്‍ക്കട്ടിലേക്കും നയിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു.

25 വര്‍ഷക്കാലത്തേക്ക് ഒരു യൂണിറ്റിന് നാല് രൂപ 29 പൈസ നിരക്കില്‍ വൈദ്യുതി വാങ്ങാനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പിണറായി സര്ക്കാര്‍ റദ്ദാക്കിയെന്നും ഇതോടെ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 25 വര്‍ഷക്കാലത്തേക്ക് ഒരു യൂണിറ്റിന് നാല് രൂപ 29 പൈസ നിരക്കില്‍ എഗ്രിമെന്റ് വെച്ചിരുന്നു. അത് പ്രകാരം ഒരുവര്‍ഷം ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഏഴ് വര്‍ഷം പിണറായി സര്‍ക്കാരും വൈദ്യുതി വാങ്ങിച്ചു. എട്ടാം വര്‍ഷം ആ വൈദ്യുതി കരാര്‍ റദ്ദാക്കി. എന്നിട്ട് 8 രൂപ മുതല്‍ 14 രൂപ വരെ നിരക്കില്‍ അദാനി കമ്പനിയില്‍ നിന്നാണ് വൈദ്യുതി വാങ്ങിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കരാര്‍ നിലവിലുണ്ടായിരുന്നെങ്കില്‍ വൈദ്യുതി തരാന്‍ കമ്പനി ബാധ്യസ്ഥരായിരുന്നു. അതില്ലെന്നുമാത്രമല്ല ഓപ്പണ്‍ മാര്‍ക്കറ്റില്‍ വൈദ്യുതി കിട്ടാനില്ല. എന്തിനാണ് റദ്ദ് ചെയ്തതതെന്ന് അന്നത്തെ വൈദ്യുത മന്ത്രിയോ മുഖ്യമന്ത്രിയോ പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

മുപ്പത് ദിവസം കൊണ്ട് ഞങ്ങള്‍ ഉണ്ടാക്കിയ പ്രതിഭാസമല്ല പവര്‍കട്ട്. ജനം ഒരു മണിക്കൂര്‍ ഇരുട്ടില്‍ കഴിയട്ടെയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമോ. ഔചിത്യമില്ലാത്ത പ്രചരണമാണ് നടക്കുന്നത്. അധികാരത്തില്‍ വന്ന് രണ്ടുമാസം മാത്രമെ ആയുള്ളു. ഇത്രയും വെള്ളം കുറയുമെന്നും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും വൈദ്യുതി കിട്ടില്ലെന്നും കരുതിയില്ല. രാജ്യവ്യാപകമായി ഈ വിഷയം ഉണ്ട്. അഞ്ച് രൂപ 90 പൈസയ്ക്ക് 200 മെഗാവാള്‍ട്ട് വാങ്ങി. ഇതിനേക്കാള്‍ കുറഞ്ഞനിരക്കില്‍ വാങ്ങാനുള്ള ശ്രമം നടക്കുകയാണ്. പുരകത്തുമ്പോള്‍ വാഴവെട്ടാന്‍ പോയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: V D Satheesan has explained the reasons behind the recent power cuts responding to the ongoing public concerns

dot image
To advertise here,contact us
dot image