പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കൈമാറും

പിഎസ്‌സി സെക്രട്ടറിയെ ഒഴിവാക്കി കമ്മിറ്റി രൂപീകരിച്ചതും ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയാകും

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കൈമാറും
dot image

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കൈമാറും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് കൈമാറുക. ബോര്‍ഡ് യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാകും. ആഭ്യന്തര വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലെ ക്രമക്കേടായിരുന്നു സംഘം അന്വേഷിച്ചത്.

പിഎസ്‌സി സെക്രട്ടറിയെ ഒഴിവാക്കി കമ്മിറ്റി രൂപീകരിച്ചതും ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയായേക്കും. എസ്‌ഐടിയെ സഹായിക്കാനാണ് ചെയര്‍മാന്‍ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയിലെ ഉദ്യോഗസ്ഥയുടെ എഫ് ബി കുറിപ്പും ചര്‍ച്ചയാകുമെന്ന് വിവരമുണ്ട്. പരീക്ഷാ ക്രമക്കേടിനെ ന്യായീകരിച്ചായിരുന്നു എഫ് ബി കുറിപ്പ്.

അതേസമയം ആലപ്പുഴയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കിയതില്‍ തുടര്‍ നടപടികളിലേക്ക് കടക്കുകയാണ് പിഎസ്‌സി. ജില്ലാ ഓഫീസറുടെ റിപ്പോര്‍ട്ട് ഇന്ന് പിഎസ്‌സി ചെയര്‍മാന് കൈമാറും. പരീക്ഷ കേന്ദ്രത്തിന്റെ ചുമതലക്കാരന് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്‌തേക്കും. സ്കൂളിലെ ഹെഡ്മാസ്റ്ററാണ് പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാരന്‍.

പിഎസ്സി പരീക്ഷ റദ്ദാക്കിയ സംഭവത്തില്‍ പാളിയത് പുതിയ പരിഷ്‌കരണമാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായി ഒരു ദിവസം രണ്ടു പരീക്ഷ വെച്ചതാണ് അബദ്ധം പിണയാന്‍ കാരണമെന്നാണ് ഉയര്‍ന്ന വിമര്‍ശനം. പിഎസ്സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിന്റേതായിരുന്നു പരീക്ഷാ പരിഷ്‌കരണം. ഇത്തരത്തില്‍ പരീക്ഷ നടത്തിയാല്‍ ചോദ്യപേപ്പര്‍ മാറിപ്പോകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെയര്‍മാന്‍ ഇത് പരിഗണിച്ചില്ലെന്ന് ഒരു വിഭാഗം വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുന്ന യാത്രാ ബത്ത ലാഭിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പുതിയ പരിഷ്‌കരണമെന്ന ആക്ഷേപവുമുണ്ടായിരുന്നു. ഒന്നര ലക്ഷത്തിലധികം ഉദ്യോഗര്‍ത്ഥികളെഴുതുന്ന പരീക്ഷയില്‍ തന്നെ പുതിയ പരിഷ്‌കാരം പരീക്ഷിച്ചതിലും വിമര്‍ശനമുയര്‍ന്നു.

Content Highlights: The internal vigilance report on the alleged Kerala PSC examination irregularities is expected to be submitted today.

dot image
To advertise here,contact us
dot image