

കോഴിക്കോട്: പൊതിച്ചോറ് വിവാദത്തിനിടെ വിഷയത്തില്‍ പ്രതികരണവവുമായി മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ എം എ റസാഖ് മാസ്റ്റര്‍ എംഎല്‍എ. ഡിവൈഎഫ്‌ഐ മാതൃകയാക്കേണ്ടത് സിഎച്ച് സെന്ററിന്റെ ഭക്ഷണ വിതരണം ആണെന്നായിരുന്നു എംഎല്‍എ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്.
പാര്‍ട്ടിയുടെ ചിഹ്നമോ കൊടിയോ ഉപയോഗിച്ച് ഭക്ഷണം വിതരണം ചെയ്യരുത് എന്നാണ് മുരളീധരന്‍ പറഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അങ്ങനെ ചെയ്താല്‍ അത് ജീവകാരുണ്യ പ്രവര്‍ത്തനം അല്ല. ഭക്ഷണം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. സിഎച്ച് സെന്റര്‍ ഭക്ഷണം വിതരണം ചെയ്യുന്നത് സ്വന്തമായ സ്ഥലത്താണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം 1000 ത്തോളം പേര്‍ക്ക് സിഎച്ച് സെന്റര്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നും ഇതുവരെ ഒരു എതിര്‍പ്പും ഉയര്‍ന്നിട്ടില്ലെന്നും വ്യക്തമാക്കി.
ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രസ്താവന. ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്നും ഈ പദ്ധതി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആദ്യം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. പിന്നാലെ കെ മുരളീധരന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതിയെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ് വിമര്‍ശിച്ചു. മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇല്ലാത്തതുകൊണ്ടാണ് പദ്ധതിയുമായി ഡിവൈഎഫ്ഐ മുന്നോട്ടുപോകുന്നത്. കൊടിയുടെ നിറം നോക്കി അല്ല തങ്ങള്‍ ഭക്ഷണം നല്‍കുന്നതെന്നും വസീഫ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'ഭരണപക്ഷം ഞങ്ങളുടെ പദ്ധതി നിര്‍ത്തലാക്കുമെന്ന് പറയുന്നു. എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതി. തുടര്‍ന്നു കൊണ്ടേയിരിക്കുക എന്നുള്ളതാണ് ഞങ്ങളുടെ രീതി. മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇല്ലാത്തതുകൊണ്ടാണ് ഈ പദ്ധതിയുമായി ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങട്ടെ, ഭക്ഷണം മുടങ്ങാതിരുന്നാല്‍ മതി', വസീഫ് പ്രതികരിച്ചു.
ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ്, സിപിഐഎം നേതാവ് എം സ്വരാജ്, ജോണ്‍ ബ്രിട്ടാസ് എംപി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അടക്കമുള്ളവരും രംഗത്തെത്തി.
പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി ചര്‍ച്ച നടത്തിയാണ് അഭിപ്രായം പറയേണ്ടതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഇതുവരെ ആരും പറഞ്ഞിട്ടില്ല. പരാതി വന്നാല്‍ അല്ലേ മന്ത്രി ഇടപെടേണ്ടതെന്നും റിയാസ് ചോദിച്ചു. സാമന്ത രാജാവിനെ പോലെ മന്ത്രി പെരുമാറരുത്. ഡിവൈഎഫ്ഐയുടെ മേല്‍ കുതിര കയറാനും വരരുത്. കേരളത്തിലെ പകര്‍ച്ചവ്യാധി തടയാന്‍ ആണ് മന്ത്രി ശ്രമിക്കേണ്ടത്. ചൂരല്‍മലയില്‍ ചില സംഘടനകളുടെ ഭക്ഷണ വിതരണം ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. പകരം സംവിധാനം ആലോചിക്കാതെയാണ് ഇത്തരം നിലപാടെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
Content Highlights: Amid the food packet controversy, MA Razak Master said DYFI should emulate the CH Centre's charity model. He maintained that food distribution should not be conducted under political party symbols, adding that the CH Centre has been serving around 1,000 people without attracting objections.