

കൊച്ചി: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ വിവാദം കനക്കുന്നതിനിടെ ലോയേഴ്‌സ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സാബു തൊഴുപ്പാടന്‍ രംഗത്തെത്തി. ലോയേഴ്‌സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് അനൂപ് നായര്‍ വി ഡി സതീശന് അടുപ്പമുള്ളയാളാണെന്നാണ് ആരോപണം. ആര്‍എസ്എസ്, എസ്എഫ്‌ഐ പശ്ചാത്തലമുള്ളവരുടെ പേരുകള്‍ നല്‍കിയത് ലോയേഴ്‌സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റാണെന്ന് സാബു ചൂണ്ടിക്കാട്ടി.
അനൂപ് നായരെ ഐഎല്‍സി ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് ആക്കിയതും വി ഡി സതീശന്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധം എന്തെന്നറിയില്ല. താരതമ്യേന ജൂനിയറായ അനൂപ് നായരെ സ്റ്റേറ്റ് അറ്റോര്‍ണി ആയി നിയമിക്കുകയും ചെയ്തു. അനൂപ് നായര്‍ നല്‍കിയ പട്ടികയിലാണ് വിവാദമായ പേരുകള്‍ വന്നതെന്നും സാബു വിശദീകരിച്ചു. സ്റ്റേറ്റ് അറ്റോര്‍ണി സ്ഥാനത്ത് നിന്നും ഐഎല്‍സി ഹൈക്കോടതി യൂണിറ്റ് പ്രസിഡണ്ട് സ്ഥാനത്തുനിന്നും അനൂപിനെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്ലീഡര്‍മാരായി നിയമിച്ചവരില്‍ ബഹുഭൂരിപക്ഷം പേരും ലോയേഴ്‌സ് കോണ്‍ഗ്രസുകാരല്ലെന്നും സംസ്ഥാന കമ്മിറ്റി നല്‍കിയ പട്ടികയിലെ മുഴുവന്‍ പേരെയും അവഗണിച്ചെന്നും സാബു ആരോപിക്കുന്നു.
അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി കെ അബ്ദുള്‍ റഹ്‌മാനും ഇന്നലെ രംഗത്ത് വന്നിരുന്നു. പ്ലീഡര്‍ നിയമനത്തിലെ പരാതികള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എഐസിസിയും കെപിസിസിയും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. ജിയോണയും, ശരത്തും ലോയേഴ്സ് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകരല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അവര്‍ സാങ്കേതികമായി അംഗങ്ങളാണ്. യൂണിറ്റിന്റെ അംഗത്വ വിതരണത്തിലൂടെ കടന്നുവന്നവര്‍, എന്ന് കരുതി അവര്‍ സജീവ പ്രവര്‍ത്തകരാണെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു പ്രതികരണം. പല യൂണിറ്റുകളില്‍ നിന്നും ശുപാര്‍ശാ ലിസ്റ്റുകള്‍ വരും ഇത് സംസ്ഥാന നേതൃത്വം ക്രോഡീകരിച്ച് സംഘടനാ തലത്തില്‍ തന്നെ നിയമനം നടത്തണമെന്നാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്.
വിഷയത്തില്‍ മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിലുള്ള തര്‍ക്കം തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും ലോയേഴ്‌സ് കോണ്‍ഗ്രസ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ലോയേഴ്‌സ് കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ നിന്നാണ് നിയമനം നടത്തിയതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആ വാദത്തെ സാധൂകരിക്കുമ്പോഴും വിഷയത്തില്‍ കോണ്‍ഗ്രസ് അഭിഭാഷകര്‍ക്കിടയിലും ഭിന്നാഭിപ്രായമുണ്ടെന്ന് വെളിവാക്കുന്നതാണ് സാബുവിന്റെ പ്രതികരണമെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ ഉയര്‍ത്തിയ സമാന വിമര്‍ശനം തന്നെയാണ് ലോയോഴ്സ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ഉയര്‍ത്തുന്നത് എന്നതും പ്രധാനമാണ്. എന്നാല്‍ കെഎസ്‌യുവിലെ പോലെ തന്നെ വിഷയത്തില്‍ കോണ്‍ഗ്രസ് അഭിഭാഷകരിലെ വ്യത്യസ്ത നിലാപാടുകളും പുറത്തു വരികയാണെന്നാണ് വിവരം.
Content Highlights: The government pleader appointment controversy has reportedly deepened divisions within the Lawyers' Congress. State General Secretary Adv. Sabu Thozhupadan alleged that the High Court unit submitted names of individuals with RSS and SFI backgrounds, intensifying the political row.