പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ന്യായീകരിച്ച് ഉദ്യോഗസ്ഥ, ക്രമക്കേടില്ലെന്ന് കുറിപ്പ്

സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഉദ്യോഗസ്ഥ സന്ധ്യ പ്രഭയുടെ കുറിപ്പ്

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ന്യായീകരിച്ച് ഉദ്യോഗസ്ഥ, ക്രമക്കേടില്ലെന്ന് കുറിപ്പ്
dot image

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ന്യായീകരണവുമായി അന്വേഷണത്തെ സഹായിക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ. പരീക്ഷകളില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന വാദവുമായി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് വിവാദമായിരിക്കുന്നത്. സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഉദ്യോഗസ്ഥ സന്ധ്യ പ്രഭയുടെ കുറിപ്പ്.

പിഎസ്‌സി ആഭ്യന്തര വിജിലന്‍സ് നടത്തുന്ന അന്വേഷണമാണ് നിയമാനുസൃതമെന്ന് വാദിക്കുന്ന പോസ്റ്റില്‍, പരീക്ഷാ ക്രമക്കേട് പുറത്തെത്തിച്ച മാധ്യമങ്ങളെ അധിക്ഷേപിക്കുന്നുമുണ്ട്. ജൂലൈ 12നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പിഎസ്‌സിക്ക് ഒരന്വേഷണത്തെയും ഭയമില്ല. കേരള പിഎസ്‌സി എന്ന സ്ഥാപനം തകര്‍ക്കുകയാണ് ആരോപണം ഉന്നയിക്കുന്നവരുടെ ലക്ഷ്യമെന്നും പോസ്റ്റില്‍ ആരോപണം ഉണ്ട്.

ഉത്തര കടലാസുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന സന്ധ്യ പ്രഭ ഉള്‍പ്പെടെ 9 അംഗ കമ്മിറ്റിക്കാണ് എസ്‌ഐടിയെ സഹായിക്കാനുള്ള ചുമതല. ഏതൊക്കെ രേഖകള്‍ എസ്‌ഐടിക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നതും ഈ കമ്മിറ്റിയാണ്. പിഎസ്‌സി ബോര്‍ഡ് അറിയാതെയാണ് ചെയര്‍മാന്‍ ഈ കമ്മിറ്റി രൂപീകരിച്ചതെന്നും വിമര്‍ശനമുണ്ട്.

അതേസമയം പിഎസ്‌സി ക്രമക്കേട് ആരോപണങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പിഎസ്‌സി ആസ്ഥാനത്തുള്‍പ്പടെ എസ്‌ഐടിപരിശോധന നടന്നിരുന്നു. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കെഎഎസ്, ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷകളിലെ ക്രമക്കേടുകളാണ് ആദ്യം അന്വേഷിക്കുക. ഉദ്യോഗാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്. പരാതി നല്‍കുന്ന മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്താനാണ് എസ്‌ഐടി തീരുമാനം. പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. പിഎസ്‌സി പരീക്ഷാ ക്രമേക്കടുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്നാണ് എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Content Highlights: The officer assigned to assist the investigation into the Kerala PSC examination controversy shares fb post defending the examination process.

dot image
To advertise here,contact us
dot image