

കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ നടക്കുമ്പോള്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പി എ മുഹമ്മദ് റിയാസ് എംഎല്‍എ. വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അത് ഉറപ്പാക്കേണ്ടതുണ്ട്. നേരത്തേയും ഇത്തരത്തില്‍ ഉറപ്പ് പറഞ്ഞിരുന്നെങ്കിലും അതിന് ഫലം കണ്ടിരുന്നില്ല. ഫൈനല്‍ മത്സരം നടക്കുമ്പോള്‍ കറണ്ടുപോയാല്‍ അത് ഗൗരവമേറിയ വിഷയമായി മാറുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ മിസ് മാനേജ്‌മെന്റാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം. ലോങ് കോണ്‍ട്രാക്റ്റിന് പകരം ഷോര്‍ട്ട് കോണ്‍ട്രാക്റ്റിലേക്ക് പോയി. സംസ്ഥാനത്ത് നിലവില്‍ 400 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ട്. ആ സ്ഥാനത്ത് 150 മെഗാവാട്ട് വൈദ്യുതി മാത്രമാണ് വാങ്ങിയിരിക്കുന്നതെന്നും റിയാസ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.
കുറച്ച് വൈദ്യുതി വാങ്ങിയതില്‍ വൈദ്യുതി മന്ത്രി പറഞ്ഞത് വിചിത്രമായ വാദമാണ്. ഒരു യൂണിറ്റിന് പത്ത് രൂപ നല്‍കി വാങ്ങാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല എന്നായിരുന്നു വൈദ്യുതി മന്ത്രി പറഞ്ഞത്. പവര്‍ സെന്ററിലെ പരിശോധന നടത്തിയപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ ഒരു യൂണിറ്റ് കറണ്ട് 9 രൂപ രണ്ട് പൈസയ്ക്ക് നല്‍കിയതായി വ്യക്തമായി. ജൂലൈ പതിനഞ്ചിനായിരുന്നു അതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കര്‍ണാടക ഭരിക്കുന്നത് കോണ്‍ഗ്രസാണ്. കെപിസിസി അധ്യക്ഷന്‍ കൂടിയായ വൈദ്യുതി മന്ത്രി എന്തുകൊണ്ട് കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമം നടത്തിയില്ലെന്ന് റിയാസ് ചോദിച്ചു.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം വൈദ്യുതി മന്ത്രി ഇതില്‍ കുറച്ച് സമയം ചെലവഴിക്കണം. വൈദ്യുതി മന്ത്രി ഇപ്പോള്‍ ചെയ്യുന്നത് കെപിസിസി പ്രസിഡന്റിന്റെ പണിയാണ്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലുള്ള തല്ല് പരിഹരിക്കാനുള്ള പണിയാണ് വൈദ്യുതി മന്ത്രി ഇപ്പോള്‍ എടുക്കുന്നത്. വൈദ്യുതി പ്രതിസന്ധിച്ച് പരിഹാരം കാണാന്‍ വൈദ്യുതി മന്ത്രി ഇടപെടല്‍ നടത്തണമെന്നും റിയാസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നേരമില്ല. പവര്‍കട്ട് കാരണം രണ്ട് ജീവനുകളാണ് നഷ്ടമായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ക്ക് തമ്മില്‍ ഏകാഭിപ്രായമില്ലെന്നും റിയാസ് കുറ്റപ്പെടുത്തി. മഴ കാരണം റോഡില്‍ കുഴിയാണെന്ന് ഒരു മന്ത്രി പറഞ്ഞു, മഴ കാരണം പകര്‍ച്ചാവ്യാധി പടരുകയാണെന്ന് മറ്റൊരു മന്ത്രി പറഞ്ഞു. എന്നാല്‍ മഴയില്ലാത്തതുകൊണ്ടാണ് പവര്‍കട്ടും ലോഡ്‌ഷെഡ്ഡിങും എന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. കേരളത്തില്‍ മഴ പെയ്യുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ പോലും ഏകാഭിപ്രായം പറയാന്‍ യുഡിഎഫ് സര്‍ക്കാരിന് സാധിക്കുന്നില്ല എന്നും റിയാസ് പരിഹസിച്ചു.
പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ പ്രതികരണത്തിലും റിയാസ് വിമര്‍ശനം ഉന്നയിച്ചു. ആരോഗ്യമന്ത്രി ഈഗോ ഒഴിവാക്കണമെന്ന് റിയാസ് പറഞ്ഞു. ജനങ്ങള്‍ ഏറ്റെടുത്തതാണ് പൊതിച്ചോര്‍ വിതരണം. ഇതിനെ ശത്രുതാ മനോഭാവത്തോടെ കാണരുത്. വിഷയത്തില്‍ ചര്‍ച്ച വേണം. ഡിവൈഎഫ്‌ഐക്കാരുമായി ചര്‍ച്ച നടത്താന്‍ ആരോഗ്യമന്ത്രി തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു.
Content Highlights- Kerala MLA Muhammed Riyas said the state's electricity crisis stems from mismanagement by the previous UDF government.