

കൊച്ചി: ടാറ്റ ഗ്രൂപ്പ് കേരളത്തില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ചെന്നുള്ള മുഖ്യമന്ത്രിയുടെ അവകാശ വാദത്തില്‍ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ പി രാജീവ്. അപേക്ഷ കൊടുത്ത് ടാറ്റ ഗ്രൂപ്പ് നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് പറയുന്നത് ആദ്യമായിരിക്കുമെന്ന് പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതുപോലെ ടാറ്റ ഗ്രൂപ്പ് നിക്ഷേപം നടത്തുന്നുവെങ്കില്‍ സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഒരു പത്രസമ്മേളനത്തെ തുടര്‍ന്ന് കെഎസ്‌യു പ്രസിഡന്റ് മുതല്‍ ടാറ്റയ്ക്ക് വരെ നിഷേധക്കുറിപ്പ് ഇറക്കേണ്ടി വരുന്നു. ഇത് നാടിനെ കുറിച്ച് മോശം ചിത്രം നല്‍കുമെന്നും പി രാജീവ് പറഞ്ഞു. റിപ്പോര്‍ട്ടറോടായിരുന്നു പി രാജീവിന്റെ പ്രതികരണം.
ആര്‍ട്‌സണ്‍ എന്‍ജിനീയറിങ് ലിമിറ്റഡും മലബാര്‍ സിമന്റ്‌സും ചേര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍കാലത്ത് കരാര്‍ ഉണ്ടാക്കിയിരുന്നു. ഈ കരാറിനെ കുറിച്ച് മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. അന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനെ കാണാന്‍ അങ്ങോട്ട് പോയിരുന്നു. ഇന്ന് ഇങ്ങോട്ട് വരുന്നുവെങ്കില്‍ നല്ലതുതന്നെയാണെന്നും പി രാജീവ് പറഞ്ഞു.
വി ഡി സതീശന്റെ പോര്‍ട്ട് അധിഷ്ഠിത വികസനം നടക്കാന്‍ പോകുന്നില്ലെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്കും പറഞ്ഞു. മിഷന്‍ സമുദ്രയ്ക്ക് ക്രഡിബിലിറ്റി കിട്ടാന്‍ സതീശൻ പറഞ്ഞ നമ്പറാണ് ടാറ്റയുടെ നിക്ഷേപം. മിഷന്‍ സമുദ്രയിലെ കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്ളതാണ്. എങ്ങനെ ഇല്ലാക്കഥകള്‍ പറഞ്ഞു ഉണ്ടാക്കാന്‍ കഴിയുന്നുവെന്ന് തോമസ് ഐസക് ചോദിച്ചു. ടാറ്റയ്ക്ക് അങ്ങനെ ഒരു പദ്ധതി കേരളത്തില്‍ ഇല്ല. പിണറായി സര്‍ക്കാരിന്റെ കാലത്ത് ടാറ്റയുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. ചര്‍ച്ചകള്‍ക്ക് അപ്പുറം ടാറ്റ ഒരുറപ്പും നല്‍കിയിരുന്നില്ല. കൊച്ചി വെല്ലിംഗ്ടണ്‍ ഐ നാലര ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. കൊച്ചിയില്‍ പോലും വേണ്ടത്ര ചരക്ക് ലഭിക്കുന്നില്ല. അതാണ് അടിസ്ഥാന പ്രശ്നം. പോര്‍ട്ട് അധിഷ്ഠിത വികസനം സതീശന്റെ അതിശയോക്തി. കേരളത്തില്‍ ഖന വ്യവസായ സാധ്യതകള്‍ ഇല്ല. സേവന വിജ്ഞാന അധിഷ്ഠിത സാധ്യതകളാണ് കേരളത്തിലുള്ളത്. അതിന് പോര്‍ട്ടിന്റെ ആവശ്യമില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
Content Highlights- Minister P. Rajeev criticised Opposition Leader V. D. Satheesan over his remarks on Tata Group's investment plans