വണ്‍വേ തെറ്റിച്ചെന്ന് ആരോപണം; തമിഴ്‌നാട്ടില്‍ മലയാളി ടാക്‌സി ഡ്രൈവര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദനം

ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളെയും പൊലീസ് കയ്യേറ്റം ചെയ്‌തെന്നും ഫെഡറിക് ആരോപിച്ചു

വണ്‍വേ തെറ്റിച്ചെന്ന് ആരോപണം; തമിഴ്‌നാട്ടില്‍ മലയാളി ടാക്‌സി ഡ്രൈവര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദനം
dot image

ചെന്നൈ: തമിഴ്‌നാട്ടില്‍ മലയാളി ടാക്‌സി ഡ്രൈവര്‍ക്ക് നേരെ പൊലീസിന്റെ ക്രൂരമര്‍ദനമെന്ന് പരാതി. വണ്‍വേ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കഴിഞ്ഞ മാസം പതിനൊന്നാം തീയതി വിനോദ സഞ്ചാരികളുമായി എത്തിയ കൊല്ലം തഴുത്തല സ്വദേശി ഫെഡറിക്കിനാണ് മര്‍ദനമേറ്റത്. കാറിലും ഓട്ടോയിലും കയറ്റി മര്‍ദിച്ചെന്നും പരാതിയുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളെയും പൊലീസ് കയ്യേറ്റം ചെയ്‌തെന്നും ഫെഡറിക് ആരോപിച്ചു. മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചുമത്തി ഫെഡറിക്കെതിരെ രാമേശ്വരം പൊലീസ് കേസെടുത്തിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്ക് പരാതി നല്‍കുമെന്നും യുവാവ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിനും ഫെഡറിക്കെതിരെ കേസെടുത്തതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ 11നാണ് സംഭവം നടക്കുന്നത്. പത്താം തീയതി വൈകിട്ടോടെയാണ് ഫെഡറിക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുമായി തമിഴ്‌നാട്ടിലേക്ക് പോകുന്നത്. കന്യാകുമാരിയില്‍ നിന്ന് രാമേശ്വരത്ത് പോയി തിരികെ വരുന്നതിനിടെ രാമേശ്വരം റെയില്‍വേ സ്‌റ്റേഷനടുത്തുള്ള ടെമ്പിള്‍ റോഡില്‍ വെച്ചാണ് ട്രാഫിക് പൊലീസ് ഇയാളെ തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദിക്കുന്നത്. വണ്‍വെ തെറ്റിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ ഫെഡറിക്കിന്റെ വാഹനത്തിന് തൊട്ട് പിന്നാലെ തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ഉണ്ടായിരുന്നത് കാട്ടി ഫെഡറിക്ക് പൊലീസിലെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിന്‍ കാണാം. കൂടാതെ മറ്റ് സ്വകാര്യ വാഹനങ്ങളും റോഡിലൂടെ പോകുന്നുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് താന്‍ മാത്രം വണ്‍വേ തെറ്റിച്ചു എന്ന് പറയുന്നതിന് കാരണമെന്താണെന്ന് ഫെഡറിക്ക് ചോദിച്ചത്.

എന്നാല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പോകാം എന്നായിരുന്നു പൊലീസ് നല്‍കിയ വിശദീകരണം. രാമേശ്വരം പൊലീസ് സ്റ്റേഷനിലെ സത്യേന്ദ്രന്‍, യുവരാജ് കുമാര്‍ എന്നീ പൊലീസുകാരാണ് ഫെഡറിക്കിനെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുന്നത്. പിന്നാലെ അടുത്തുള്ള ഒരു ഓട്ടോയിലേക്ക് ഇയാളെ വലിച്ചിഴച്ചു കയറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനുള്ളില്‍ വെച്ചും മര്‍ദിച്ചതായാണ് ഫെഡറിക് പറയുന്നത്. ഫെഡറിക്കിനൊപ്പമുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ വിനോദ സഞ്ചാരിയേയും പൊലീസ് മര്‍ദിച്ചതായി ആരോപണമുണ്ട്. ട്രാഫിക് നിയമ ലംഘനം നടത്തിയാല്‍ പിഴ ഇടാക്കുന്നതിന് പകരം മര്‍ദിക്കുന്നതെന്തിനെന്നും ഫെഡറിക് ചോദിക്കുന്നു. മൂഖ്യമന്ത്രി ജോസഫ് വിജയ്ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഫെഡറിക്. സംഭവത്തില്‍ രാമേശ്വരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Content Highlights: A taxi driver from Kerala has alleged that Tamil Nadu Police used excessive force after accusing him of violating a one-way traffic rule in Rameswaram. He also claimed that foreign tourists travelling with him were subjected to rough handling. Police have registered a case against the driver, while Tamil media report that another case was filed over sharing visuals of the incident on social media.

dot image
To advertise here,contact us
dot image