

ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (ATF) കയറ്റുമതിക്കുള്ള വിന്‍ഡ്ഫാള്‍ നികുതി വര്‍ധിപ്പിക്കുകയും പെട്രോള്‍ കയറ്റുമതിക്കുള്ള നികുതി കുറയ്ക്കുകയും ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പുതിയ നിരക്കുകള്‍ ജൂലൈ 16 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ധനമന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച്, പെട്രോള്‍ കയറ്റുമതിക്കുള്ള നികുതി ലിറ്ററിന് 4രൂപയില്‍ നിന്ന് 2.50 രൂപ ആയി കുറച്ചു. അതേസമയം, ഡീസല്‍ കയറ്റുമതിക്കുള്ള നികുതി ലിറ്ററിന് 8.50 രൂപയില്‍ നിന്ന് 15.50 രൂപ ആയും, എടിഎഫ് കയറ്റുമതിക്കുള്ള നികുതി 7.50 രൂപയില്‍ നിന്ന് 14.50 രൂപയായും ഉയര്‍ത്തി. ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ നടക്കുന്ന അവലോകനത്തില്‍ നികുതിയില്‍ മാറ്റം വരുത്താറുണ്ട്.
അമേരിക്ക ഇറാനെതിരായ നാവിക ഉപരോധം വീണ്ടും നടപ്പാക്കിയതോടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്ക ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 84.73 ഡോളര്‍ വരെ ഉയര്‍ന്നു. ആഗോള എണ്ണഗതാഗതത്തിന്റെ ഏകദേശം 20 ശതമാനവും ഈ കടലിടുക്കിലൂടെയാണ് നടക്കുന്നത്.
റഷ്യയില്‍ നിന്നുള്ള ഡീസല്‍ കയറ്റുമതി കുറഞ്ഞതും മറ്റ് വിതരണ തടസ്സങ്ങളും കാരണം ഡീസലിന്റെ റിഫൈനിംഗ് മാര്‍ജിന്‍ ഉയര്‍ന്നതും ഇന്ധനവിപണിയില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു.
ഇന്ധന വാങ്ങലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വിതരണ ആശങ്കകള്‍ കണക്കിലെടുത്ത് ജൂണ്‍ 11ന് വ്യാവസായിക, വാണിജ്യ, സ്ഥാപന ഉപഭോക്താക്കള്‍ക്ക് റീട്ടെയില്‍ പമ്പുകളില്‍ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അന്ന് ഡല്‍ഹിയില്‍ റീട്ടെയില്‍ ഡീസല്‍ വില ലിറ്ററിന് 95.20 രൂപ ആയിരുന്നപ്പോള്‍, ബള്‍ക്ക് ഉപഭോക്താക്കള്‍ 134.50 രൂപ നല്‍കേണ്ടിവന്നിരുന്നു. ഈ വിലവ്യത്യാസം കാരണം പല ബള്‍ക്ക് ഉപഭോക്താക്കളും റീട്ടെയില്‍ പമ്പുകളെ ആശ്രയിച്ചതോടെയാണ് നിയന്ത്രണം കൊണ്ടുവന്നത്. നിയന്ത്രണപ്രകാരം, ഓരോ വാഹനത്തിനും അല്ലെങ്കില്‍ ഉപഭോക്താവിനും പ്രതിദിനം പരമാവധി 200 ലിറ്റര്‍ വരെ മാത്രമേ റീട്ടെയില്‍ പമ്പുകളില്‍ നിന്ന് വാങ്ങാന്‍ അനുവദിച്ചിരുന്നുള്ളൂ.
Content Highlights: India has raised windfall taxes on diesel and aviation fuel exports while cutting the levy on petrol exports, as rising geopolitical tensions and higher global oil prices continue to reshape energy markets