

കാസര്‍കോട്: കാസര്‍കോട് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത. കടലില്‍ ഒഴുകിയെത്തിയത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹമാണെന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. മൃതദേഹത്തില്‍ ഉണ്ടായിരുന്ന മുറിവുകള്‍ മുമ്പ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന്റെയാണെന്ന് പൊലീസ് പറഞ്ഞു.
കേരളത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹമല്ല ഇതെന്നും കണ്ടെത്തലുണ്ട്. മൃതദേഹത്തിന്റെ പ്രായം നിര്‍ണയിക്കാനായിട്ടില്ല. പൊലീസ് കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്.
കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്താണ് തലയില്ലാത്ത മൃതദേഹം കരക്കടിഞ്ഞത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഒരു മാസം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ കാലിലെ മാംസഭാഗങ്ങളും വേര്‍പ്പെട്ട നിലയിലായിരുന്നു. അസ്ഥികള്‍ പുറത്തേക്ക് തള്ളിയിട്ടുണ്ട്. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം തിരമാലയില്‍പ്പെട്ട് ഒഴുകിയെത്തിയതാണോ എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്.
Content Highlights: A headless body was found on a beach in Kasaragod, prompting a police investigation into the mysterious incident.