നിരാഹാര സമരം 19-ാം ദിവസം; വീര്യം ചോരാതെ വാങ്ചുക്ക്; ജൂലൈ 20ലെ പാര്‍ലമെന്റ് മാര്‍ച്ചിൽ അണിനിരക്കാൻ ആഹ്വാനം

സോനം വാങ്ചുക്കിന്റെ ഭാരം 8.9 കിലോ കുറഞ്ഞു. രക്ത സമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞ നിലയിലാണ്

നിരാഹാര സമരം 19-ാം ദിവസം; വീര്യം ചോരാതെ വാങ്ചുക്ക്; ജൂലൈ 20ലെ പാര്‍ലമെന്റ് മാര്‍ച്ചിൽ അണിനിരക്കാൻ ആഹ്വാനം
dot image

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയടക്കം നിരവധി വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 19-ാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യം മോശമായ സാഹചര്യത്തിലാണെങ്കിലും ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കാതെ നിരാഹര സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വാങ്ചുക്ക്. ജൂലൈ 20ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ എല്ലാവരും അണിനിരക്കണമെന്ന് വാങ്ചുക്ക് ആവശ്യപ്പെട്ടു. തന്നോട് നിരാഹാര സമരം അവസാനിപ്പിക്കാന്‍ പറയുന്നതിന് പകരം എല്ലാവരും ജൂലൈ 20ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ അണിനിരക്കണമെന്നാണ് വാങ്ചുക്ക് പറഞ്ഞത്.

പതിനെട്ട് ദിവസം കൊണ്ട് സോനം വാങ്ചുക്കിന്റെ ഭാരം 8.9 കിലോ കുറഞ്ഞു. നിലവില്‍ അദ്ദേഹത്തിന്റെ ഭാരം 57.15 കിലോയാണ്. വാങ്ചുക്കിന്റെ രക്ത സമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞ നിലയിലാണ്. 24 മണിക്കൂറും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമുള്ളത്. സോനം വാങ്ചുക്കിനൊപ്പം ഐസ നേതാക്കളായ നേഹ, മനീഷ്, ആമീന്‍ എന്നിവരും നിരാഹാര സമരം തുടരുകയാണ്. നേതാക്കളുടെ ആരോഗ്യനിലയും മോശമായിക്കൊണ്ടിരിക്കുകയാണ്. നേഹയുടെ ഭാരം 5.85 കിലോയും മനീഷ്, ആമീന്‍ എന്നിവരുടേത് യഥാക്രമം 8.2 കിലോ, 8.3 കിലോ എന്നിങ്ങനെ കുറഞ്ഞതായി ഐസ നേതാക്കള്‍ പറഞ്ഞു. മൂന്ന്‌പേരുടെയും രക്തസമ്മര്‍ദ്ദനം രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞ നിലയിലാണ്.

അതിനിടെ സിജെപി സമരത്തിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പിന്തുണ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ശിവസേന നേതാവ് ഉദ്ധവ് താക്കറെ രാഹുല്‍ ഗാന്ധി സമരപ്പന്തലില്‍ എത്തി സിജെപിക്ക് പിന്തുണ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.

സോനം വാങ്ചുക്കിന് ഉചിതമായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ രാകേഷ് സെയ്‌നി നല്‍കിയ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം രാകേഷ് സെയ്‌നിയുടെ ഹര്‍ജിയില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. വാങ്ചുക്കിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂണ്‍ 20-ാം തീയതിയായിരുന്നു സിജെപി ജന്തര്‍ മന്തറില്‍ സമരം ആരംഭിച്ചത്. ഇതിന് പിന്നാലെ ജൂണ്‍ 27നായിരുന്നു സോനം വാങ്ചുക്ക് സമരപ്പന്തലില്‍ എത്തി നിരാഹാര സമരം ആരംഭിച്ചത്. സിജെപിയുടെ സമരം 27-ാം ദിവസത്തിലേക്ക് കടന്നു. സിപിഐഎം, സിപിഐ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാവ് ശശി തരൂരും അടക്കം നിരവധി പേരാണ് സിജെപിക്കും സോനം വാങ്ചുക്കിനും പിന്തുണ പ്രഖ്യാപിച്ചത്. നിരവധി പേര്‍ പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തുന്നുണ്ട്.

Content Highlights- Sonam Wangchuk's hunger strike reached its 19th day as he called on supporters to participate in the Parliament march scheduled for July 20

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us