വയനാട് മണ്ണിടിച്ചില്‍: കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിനവും തുടരുന്നു

ഇനി രണ്ട് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.

വയനാട് മണ്ണിടിച്ചില്‍: കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിനവും തുടരുന്നു
dot image

കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു. ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് ഇന്ന് പരിശോധന തുടരുക. നിലവില്‍ സോണ്‍ ഒന്ന്, മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാപക തെരച്ചില്‍ പുരോഗമിക്കുന്നത്. ഇനി രണ്ട് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.

അതേസമയം കരാർ കമ്പനിയുടെ ഗുരുതര അനാസ്ഥ വ്യക്തമാക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുരക്ഷാ ഭിത്തിയില്‍ വിള്ളലെന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് നിര്‍മാണ കമ്പനി അവഗണിച്ചു എന്നാണ് കണ്ടെത്തല്‍. അന്വേഷണം പുരോഗമിക്കുകയാണ്. നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മാണ ചുമതലയുള്ള ദിലീപ് ബില്‍ഡ്‌കോണിന് ജൂണ്‍ 14ന് ജിഎസ്‌ഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കമ്പനി അവഗണിച്ചുവെന്നാണ് കണ്ടെത്തല്‍. ജിഎസ്‌ഐ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു.

റോക്ക് നെയിലിംഗ് വേണ്ട സ്ഥലത്ത് സോയില്‍ നെയിലിംഗ് നടത്തിയതായുള്ള സാങ്കേതിക പിഴവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മതിയായ വെള്ളം വാര്‍ന്നു പോകാനുള്ള മതിയായ ദ്വാരങ്ങള്‍ വീപ്പ് ഹോള്‍സ് ഇല്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മുന്നറിയിപ്പുകള്‍ അവഗണിച്ചത് ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

സ്ഥലപരിശോധനയ്ക്കിടെ 1, 2, 3 ബെര്‍മുകളിലെ വിള്ളലുകള്‍ക്ക് ക്രമേണ വീതി വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കൂടാതെ വിവിധ ബെഞ്ചുകളിലായി ഒന്നിലധികം ചെറിയ മണ്ണിടിച്ചിലുകളും, നാലാമത്തെ ബര്‍മിലെ ഡ്രെയിനേജ് സംവിധാനത്തിന് സമീപം സ്വാഭാവികമായി രൂപപ്പെട്ട വിള്ളലുകളിലൂടെ ചെളി കലര്‍ന്ന വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകുന്നതും ശ്രദ്ധയില്‍പ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, ഈ വിള്ളലുകള്‍ ആഴത്തിലേക്ക് വ്യാപിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇവ മഴവെള്ളം മണ്ണിനുള്ളിലേക്ക് അതിവേഗം കടന്നുകയറുന്നതിനും, ഭൂഗര്‍ഭജല സ്രവണത്തിനും, മണ്ണിന്റെ ആന്തരിക മണ്ണൊലിപ്പിനും കാരമാകുന്നുവെന്നും റിപ്പോര്‍ട്ട് വിലയിരുത്തിയിട്ടുണ്ട്. മൂന്ന് നാല് ബെര്‍മുകള്‍ക്ക് ഇടയില്‍ ഭൂഗര്‍ഭത്തിലൂടെ വെള്ളം ഒഴുകുന്ന ശബ്ദം വ്യക്തമായി കേട്ടത് ഈ വിലയിരുത്തലിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ മേല്‍മണ്ണിനുള്ളില്‍ ആന്തരിക മണ്ണൊലിപ്പും, പൈപ്പിംഗ് പ്രതിഭാസവും അതിവേഗം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. ഇത് ചരിവിന്റെ ആന്തരിക ബലം ക്രമേണ കുറയുന്നതിനും ഒടുവില്‍ ചെറിയ തോതിലോ വലിയ തോതിലോ ഉള്ള മണ്ണിടിച്ചിലിന് കാരണമാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇടിഞ്ഞത് മണ്‍കൂനയല്ല സുരക്ഷാ ഭിത്തിയാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. പാറയിലേക്ക് ഘടിപ്പിക്കേണ്ട സുരക്ഷാ ഭിത്തി നിര്‍മ്മിച്ചത് മണ്ണിനോട് ചേര്‍ത്താണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സുരക്ഷാഭിത്തി നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് സംഭവിച്ച പിഴവുകളും ഈ ഘട്ടത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. റോക്ക് നെയിലിംഗ് ചെയ്ത് പാറയുമായാണ് സംരക്ഷണ ഭിത്തി ഘടിപ്പിക്കേണ്ടത്. സിമന്റും കമ്പിയും മെഷുമെല്ലാം ഉപയോഗിച്ച് സംരക്ഷണ ഭിത്തിപോലെ നിര്‍മ്മിച്ച് അതിനകത്ത് സ്റ്റീല്‍ ബാറുകള്‍ ഘടിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഈ സ്റ്റീല്‍ ബാറുകള്‍ പാറയുമായി ഘടിക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താല്‍ മാത്രമേ മുകളില്‍ നിന്നുള്ള മണ്ണിടിച്ചില്‍ പോലുള്ളവയെ തടഞ്ഞ് നിര്‍ത്തുകയുള്ളു. ഈ നിലയില്‍ സംരക്ഷണ ഭിത്തി പാറയുമായി ഘടിപ്പിക്കുന്നതിന് സാധാരണ നിലയില്‍ റോക്ക് നെയിലിംഗും, ഷോട്ട്ക്രീനിംഗുമാണ് ചെയ്യുക. എന്നാല്‍ റോക്ക് നെയിലിംഗിന് പകരം സോയില്‍ നെയിലിംഗാണ് ഇവിടെ ചെയ്തിരിക്കുന്നത്. നിലവില്‍ പാറയില്‍ നിന്ന് വിട്ട് 15-20 മീറ്റര്‍ വിട്ടാണ് സംരക്ഷണ ഭിത്തി ഉണ്ടാക്കിയിരിക്കുന്നത്. റോക്ക് നെയിലിംഗ് ചെയ്യാത്തതിനാല്‍ പാറയില്‍ നിന്ന് വെള്ളം കിനിഞ്ഞ് മണ്ണിലേയ്ക്ക് ഇറങ്ങിയെന്നും മഴയുടെ അളവ് കൂടിയപ്പോള്‍ ഇത്തരത്തില്‍ ഇറങ്ങിയ വെള്ളം മണ്ണില്‍ സമ്മര്‍ദ്ദമുണ്ടാക്കിയെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംരക്ഷണ ഭിത്തിയില്‍ ഓരോ മീറ്റര്‍ ഇടവിട്ട് വെള്ളം വാര്‍ന്ന് പോകുന്നതിനായി വീപ്പ് ഹോള്‍സ് വേണ്ടതുണ്ട്. അത് കൃത്യമായി ഇടാത്തതും അപകടകാരണമായി എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വീപ്പ് ഹോള്‍സ് ഇല്ലാത്തതിനാല്‍ വെള്ളം വാര്‍ന്ന് പോകാതെ ഹൈഡ്രോ സ്റ്റാറ്റിക് പ്രഷര്‍ ഉണ്ടായി സംരക്ഷണഭിത്തി പൊട്ടി തകര്‍ന്നതാണ് അപകടകാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏതാണ്ട് 15 സെന്റിമീറ്റര്‍ മാത്രം കനത്തിലാണ് സംരക്ഷണഭിത്തി നിര്‍മ്മിച്ചിരുന്നതെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Content Highlights: Search operations continue in Wayanad after the landslide as rescue teams look for missing people and assess the affected areas.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us