

കൽപ്പറ്റ: വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ അപകട മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചു. നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിർമ്മാണ ചുമതലയുള്ള ദിലീപ് ബിൽഡ്കോണിന് നൽകിയത് ജൂൺ 14ന് ജിഎസ്ഐ നൽകിയ റിപ്പോർട്ടാണ് അവഗണിച്ചത്. ജിഎസ്ഐ റിപ്പോർട്ടിൻ്റെ പകർപ്പ് റിപ്പോർട്ടിന് ലഭിച്ചു.
സുരക്ഷാ ഭിത്തിയുടെ ഇടതുഭാഗത്ത് വിള്ളലുണ്ടായിരുന്നുവെന്ന് GSI റിപ്പോർട്ടിൽ പരാമർശമുണ്ട്. റോക്ക് നെയിലിംഗ് വേണ്ട സ്ഥലത്ത് സോയിൽ നെയിലിംഗ് നടത്തിയതായുള്ള സാങ്കേതിക പിഴവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മതിയായ വെള്ളം വാർന്നു പോകാനുള്ള മതിയായ ദ്വാരങ്ങൾ വീപ്പ് ഹോൾസ് ഇല്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മുന്നറിയിപ്പുകൾ അവഗണിച്ചത് ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ഇടിഞ്ഞത് മൺകൂനയല്ല സുരക്ഷ ഭിത്തിയാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. പാറയിലേക്ക് ഘടിപ്പിക്കേണ്ട സുരക്ഷാ ഭിത്തി നിർമ്മിച്ചത് മണ്ണിനോട് ചേർത്താണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അനക്കാംപൊയിൽ–കള്ളാടി–മേപ്പാടി ഇരട്ട ട്യൂബ് റോഡ് ടണൽ പദ്ധതിയുടെ നോർത്ത് പോർട്ടൽ പ്രദേശത്ത് 2026 ജൂൺ 3 മുതൽ 11 വരെ നടത്തിയ സംയുക്ത ഭൂവിജ്ഞാന–ഭൂസാങ്കേതിക വിലയിരുത്തൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു ജിഎസ്ഐ നിർമ്മാണ കമ്പനിക്ക് മുന്നറിയിപ്പ് നൽകിയത്. നോർത്ത് പോർട്ടൽ പ്രദേശം ഭൗമശാസ്ത്രപരമായി പ്രധാനമായും ചാർനോക്കൈറ്റ് (Charnockite), ആംഫിബൊലൈറ്റ് (Amphibolite), ഹോൺബ്ലെൻഡ് ഗ്നൈസ് (Hornblende Gneiss) എന്നീ ശിലകളാൽ രൂപപ്പെട്ടതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ കട്ട് ആൻ്റ് കവർ ഭാഗത്ത് കുറഞ്ഞതോ മിതമായതോ ആയ പ്ലാസ്റ്റിസിറ്റിയുള്ള സിൽട്ടി മണ്ണ് അടങ്ങിയ കട്ടിയേറിയ മേൽമണ്ണ് പാളിയാണ് വികസിച്ചിട്ടുള്ളതെന്നും റിപ്പോർട്ട് പറയുന്നു. ഈ മണ്ണിന് ജലം എളുപ്പത്തിൽ ഒഴുകിപ്പോകാൻ കഴിയാത്ത സ്വഭാവമുള്ളതിനാൽ ദീർഘകാല മഴയ്ക്ക് ശേഷം മണ്ണിനുള്ളിലെ ജലസമ്മർദം കുറയാൻ വൈകുന്നു. ഇടത് വശത്തെ ചരിവിൽ ഏകദേശം 35 മീറ്റർ വരെ കട്ടിയുള്ള മേൽമണ്ണ് പാളിയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഈ ചരിവ് സ്ഥിരപ്പെടുത്തുന്നതിനായി ബെഞ്ചിംഗ്, മെഷ് ഉപയോഗിച്ചുള്ള ഷോട്ട്ക്രീറ്റ്, സോയിൽ നെയിലിംഗ് തുടങ്ങിയ സംരക്ഷണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിള്ളലുകൾ വ്യാപിക്കുന്നത്, ചെറിയ തോതിലുള്ള മണ്ണിടിച്ചിലുകൾ, മഴവെള്ളം മൂലമുള്ള മണ്ണൊലിപ്പ്, പൊള്ളകൾ, ചെളി കലർന്ന വെള്ളത്തിന്റെ സ്രവണം എന്നിവ സംരക്ഷിതവും അസംരക്ഷിതവുമായ ബെർമുകളിൽ പ്രധാനമായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇടത് വശത്തെ സംരക്ഷിത ചരിവിൽ സ്ഥാപിച്ചിട്ടുള്ള ഡ്രെയിൻ ഹോളുകളിൽ വളരെ കുറച്ചെണ്ണം മാത്രമാണ് ഫലപ്രദമായി പ്രവർത്തിക്കുന്നത്. നിലവിലെ ഡ്രെയിനേജ് സംവിധാനം ആവശ്യത്തിന് കാര്യക്ഷമമല്ലെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്.
സ്ഥലപരിശോധനയ്ക്കിടെ 1, 2, 3 ബെർമുകളിലെ വിള്ളലുകൾക്ക് ക്രമേണ വീതി വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കൂടാതെ വിവിധ ബെഞ്ചുകളിലായി ഒന്നിലധികം ചെറിയ മണ്ണിടിച്ചിലുകളും, നാലാമത്തെ ബർമിലെ ഡ്രെയിനേജ് സംവിധാനത്തിന് സമീപം സ്വാഭാവികമായി രൂപപ്പെട്ട വിള്ളലുകളിലൂടെ ചെളി കലർന്ന വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകുന്നതും ശ്രദ്ധയിൽപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഈ വിള്ളലുകൾ ആഴത്തിലേക്ക് വ്യാപിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇവ മഴവെള്ളം മണ്ണിനുള്ളിലേക്ക് അതിവേഗം കടന്നുകയറുന്നതിനും, ഭൂഗർഭജല സ്രവണത്തിനും, മണ്ണിന്റെ ആന്തരിക മണ്ണൊലിപ്പിനും കാരമാകുന്നുവെന്നും റിപ്പോർട്ട് വിലയിരുത്തിയിട്ടുണ്ട്. മൂന്ന് നാല് ബെർമുകൾക്ക് ഇടയിൽ ഭൂഗർഭത്തിലൂടെ വെള്ളം ഒഴുകുന്ന ശബ്ദം വ്യക്തമായി കേട്ടത് ഈ വിലയിരുത്തലിനെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം സാഹചര്യങ്ങളിൽ മേൽമണ്ണിനുള്ളിൽ ആന്തരിക മണ്ണൊലിപ്പും, പൈപ്പിംഗ് പ്രതിഭാസവും അതിവേഗം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. ഇത് ചരിവിന്റെ ആന്തരിക ബലം ക്രമേണ കുറയുന്നതിനും ഒടുവിൽ ചെറിയ തോതിലോ വലിയ തോതിലോ ഉള്ള മണ്ണിടിച്ചിലിന് കാരണമാകാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.
Content Highlights: A probe into the Wayanad landslide indicates that the construction company ignored a Geological Survey of India (GSI) hazard warning. Authorities say the incident was not caused by the collapse of a soil heap, raising serious concerns over safety compliance.