

കോഴിക്കോട്: ഹവാല കള്ളപ്പണ ഇടപാടുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ ആവശ്യപ്പെട്ട് തട്ടിപ്പ് സംഘങ്ങളുടെ പരസ്യം. അക്കൗണ്ടുകള്‍ക്ക് 15 ലക്ഷം രൂപ വരെ കമ്മീഷന്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. കോടികളുടെ കള്ളപ്പണ ഇടപാടുകളാണ് ഈ വാടക അക്കൗണ്ടുകള്‍ വഴി നടക്കുന്നത്. രാജ്യദ്രോഹ പ്രവര്‍ത്തികള്‍ക്ക് പോലും ഇത്തരം മ്യൂള്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍.
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവിടങ്ങളില്‍ ബാങ്ക് അക്കൗണ്ട് ആവശ്യപ്പെട്ടുള്ള ഇത്തരം പരസ്യങ്ങള്‍ വ്യാപകമാണ്. നിങ്ങളുടെ കൈയ്യില്‍ കോര്‍പ്പറേറ്റ് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ വെറും 7 ദിവസം കൊണ്ട് 15 ലക്ഷം നേടാം എന്ന പരസ്യത്തില്‍ കണ്ട നമ്പറില്‍ റിപ്പോര്‍ട്ടര്‍ ബന്ധപ്പെട്ടപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
ബിസിനസ് ക്യു ആര്‍ കോഡ് ഉണ്ടോ എന്നുള്ളതാണ് ആദ്യ ചോദ്യം. ഉണ്ട് എന്ന് പറഞ്ഞ ഉടന്‍ കൊല്‍ക്കത്തയില്‍ വരാന്‍ പറ്റുമോ എന്നതാണ് അടുത്ത ചോദ്യം. പറ്റും എന്ന് പറഞ്ഞാല്‍ വിശദാംശങ്ങള്‍ പറയും. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രേഡിംഗ് കമ്പനിക്കാണ് അക്കൗണ്ട് എന്നും കുറച്ച് പണം അതില്‍ ഇടാനാണ് എന്നുമാണ് വിശദീകരണം. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന ചോദ്യത്തിന് എല്ലാം നിയമപരമായിട്ടാണ് ചെയ്യുന്നത് എന്ന് മറുപടിയും തരും.
പല തവണ ഈ സംഘത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വോയിസ് മെസ്സേജ് അയക്കാന്‍ പറഞ്ഞപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അക്കൗണ്ട് കൈമാറാന്‍ തയ്യാറാണെങ്കില്‍ അടുത്തദിവസം തന്നെ കൊല്‍ക്കത്തയില്‍ പോകാനുള്ള എല്ലാ കാര്യങ്ങളും തയ്യാറാക്കാം എന്നുള്ളതാണ് അവസാന സന്ദേശം. ഇത്തരത്തില്‍ നിരവധി പരസ്യങ്ങളാണ് വലിയ തുകകള്‍ ഓഫര്‍ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
യുവാക്കളെയും, ബിസിനസ്സുകാരെയും ലക്ഷ്യമിട്ടാണ് ഇത്തരം പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ തട്ടിപ്പ് സംഘവും ആയിട്ടുള്ള ചാറ്റുകളും വിശദാംശങ്ങളും സൈബര്‍ പോലീസിന് കൈമാറി. കോടികളുടെ കള്ളപ്പണ ഇടപാടുകളാണ് ഈ വാടക അക്കൗണ്ടുകള്‍ വഴി നടക്കുന്നത്.ര ാജ്യദ്രോഹ പ്രവര്‍ത്തികള്‍ക്കു പോലും ഇത്തരം മ്യൂള്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായാണ് പൊലീസ് കണ്ടെത്തല്‍.
Content Highlights: Fraud Gangs Seek Bank Accounts for Hawala Money Transfers, Offer Commissions up to ₹15 Lakh