

തിരുവനന്തപുരം: പിഎസ്‌സി അഭിമുഖത്തിലും ക്രമക്കേട് നടന്നതായി പരാതി. പരീക്ഷകളിലെ ക്രമക്കേടില്‍ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് അഭിമുഖത്തിലും അട്ടിമറി നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ആസൂത്രണ ബോര്‍ഡിലേക്ക് 2019ല്‍ പിഎസ്‌സി നടത്തിയ അഭിമുഖത്തില്‍ ക്രമക്കേട് നടന്നെന്നാണ് പരാതി.
പ്രധാന തസ്തികകളായ സോഷ്യല്‍ സര്‍വീസ്, പ്ലാന്‍ കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്‍ ചീഫ് തസ്തികകളിലെ അഭിമുഖത്തിലാണ് ക്രമക്കേട് നടന്നത്. അഭിമുഖത്തില്‍ ഇടത് നേതാക്കള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കിയതായും പരാതിയുണ്ട്. എഴുത്ത് പരീക്ഷയിലെ മാര്‍ക്കിന്റെ 12.02 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് അഭിമുഖത്തില്‍ നല്‍കാന്‍ പാടില്ലെന്ന ഉത്തരവ് പാലിക്കാതെയായിരുന്നു നീക്കം.
കെജിഒഎ നേതാവ് പി ഷാജിക്ക് അഭിമുഖത്തില്‍ നല്‍കിയത് 72 ശതമാനം മാര്‍ക്കാണ്. കെജിഒഎ അംഗങ്ങളായ ബിന്ദു പി വര്‍ഗീസ്, ജോസഫൈന്‍ എന്നിവര്‍ക്കും കൂടുതല്‍ മാര്‍ക്ക് നല്‍കി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരക്കടലാസിന്റെ പകര്‍പ്പും പിഎസ്‌സി നല്‍കിയില്ല. എംകെ സക്കീര്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്താണ് ക്രമക്കേട് നടന്നത്.
ആസൂത്രണ ബോര്‍ഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്ക് നടത്തിയ പൊതു പ്രാഥമിക പരീക്ഷയുടെ ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചതില്‍ ക്രമക്കേടുണ്ടായിരുന്നു. പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെയാണ് ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ്, പ്ലാനിങ് കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്‍ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് നടന്നത്.
ഇതില്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ചീഫ് ആയി ഒന്നാം റാങ്കുകാരന്‍ അരുണ്‍ ജെ പ്രതാപിനെ കഴിഞ്ഞ വര്‍ഷം നിയമിച്ചിരുന്നു. ഇടതുസര്‍വ്വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് അരുണ്‍ ജെ പ്രതാപ്. മാര്‍ക്കില്‍ സംശയം തോന്നിയ മൂന്നാം റാങ്കുകാരന്‍ കെ ശ്യാം കൃഷ്ണനാണ് ഉത്തരക്കടലാസിനായി പിഎസ്സിയെ സമീപിച്ചത്. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗില്‍ ഒന്‍പത് മുതല്‍ 18 വരെയുള്ള ചോദ്യങ്ങള്‍ മാര്‍ക്കിടാതെ ഒഴിവാക്കിയതായി കണ്ടതോടെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പിഎസ്സി നടത്തിയ പ്രാഥമിക പരിശോധനയില്‍ 228 പേരുടേയും ഉത്തരക്കടലാസുകളില്‍ ഈ ചോദ്യങ്ങള്‍ നോക്കിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. 2023 ജൂലൈ 13നായിരുന്നു പൊതുപ്രാഥമിക പരീക്ഷ നടന്നത്. 228 പേര്‍ പരീക്ഷയെഴുതിയിരുന്നു. 2025 മെയ് 31നാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
സംഭവം വിവാദമായതോടെ പുനര്‍ മൂല്യനിര്‍ണയത്തിനും ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിനും തീരുമാനമായിരുന്നു. പിഎസ്‌സി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ ആയിരിക്കും അന്വേഷണം നടക്കുക. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മന്ത്രി ഒ ജെ ജനീഷ് രംഗത്തെത്തിയിരുന്നു. പുറത്തുവന്ന വാര്‍ത്ത അതീവഗൗരവതരമാണെന്ന് മന്ത്രി പറഞ്ഞു. ആസൂത്രിത ശ്രമം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒന്നാം റാങ്കുകാരന്‍ ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ്. പത്ത് ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്തിയിരുന്നെങ്കില്‍ ഫലത്തില്‍ മാറ്റം ഉണ്ടാകുമായിരുന്നു. ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിച്ചവരുടെ നിയമനം റദ്ദ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ വലിയ നിര ചെറുപ്പക്കാര്‍ പഠിച്ചാണ് പരീക്ഷയെഴുതുന്നത്. ഇവരെ നിരാശരാക്കുന്നതാണ് സംഭവം. കഴിഞ്ഞ കാലങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നു. ഇതുവരെ നടന്ന പിഎസ്സി പരീക്ഷകളില്‍ സ്‌ക്രീനിംഗ് നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Content Highlights: Fresh allegations have emerged claiming irregularities in the PSC interview process.