

ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സർപ്പാട്ട പരമ്പരൈ. ബോക്സിങ് ഡ്രാമ ഴോണറിൽ ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഒടിടി റിലീസായി ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നാലെ ഒരു രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ ജോൺ കൊക്കൻ.
'സർപ്പാട്ട പരമ്പരൈ 2 കഥ എനിക്ക് ഇപ്പോഴും അറിയില്ല. രണ്ടാം ഭാഗം എപ്പോൾ ആരംഭിക്കുമെന്ന് ഞങ്ങൾ സംസാരിക്കുകയാണ്. ആഗസ്റ്റിൽ ഷൂട്ട് ആരംഭിക്കുമെന്നാണ് പറയുന്നത്. ഒന്ന് രണ്ട് ആഴ്ചക്കുള്ളിൽ സംവിധായകനെ കണ്ടിട്ട് കഥ എന്താണെന്ന് അറിയണം. ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന എല്ലാവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകും. സർപ്പാട്ട പരമ്പരൈ 2 സീക്വൽ ആണോ പ്രീക്വൽ ആണോ എന്ന് അറിയില്ല', ജോൺ കൊക്കന്റെ വാക്കുകൾ.
ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. ജോൺ കൊക്കൻ, ഷബീർ കല്ലറക്കൽ, ദുഷാര വിജയൻ, പശുപതി, അനുപമ കുമാർ, സഞ്ചന നടരാജൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം ഷബീർ കല്ലറക്കൽ അവതരിപ്പിച്ച ഡാൻസിംഗ് റോസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സന്തോഷ് നാരായണൻ ആയിരുന്നു സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്തും കെ9 സ്റ്റുഡിയോസിന്റെ ബാനറിൽ ഷൺമുഖം ദക്ഷണരാജും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. തിയേറ്ററിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് 19 മൂലമാണ് ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഛായാഗ്രഹണം മുരളി ജി, എഡിറ്റ് സെൽവ ആർ. കെ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.
Content Highlights: Actor John Kokken says he is yet to hear the full story of Sarpatta Parambarai 2 and reveals that shooting is expected to begin in August.