'ആദ്യ ബജറ്റിൽ തന്നെ ബക്കാഡിയുമായുള്ള ഡീൽ പാലിച്ചു; നികുതി ഇളവ് കോടികളുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരം'

'ഫിനാന്‍സ് ബില്‍ സഭ അംഗീകരിച്ചാല്‍ അത് നിയമമാകും. ഇത് നടപ്പാക്കുന്നത് തടയാന്‍ യുഡിഎഫിന് നിയമപരമായി കഴിയില്ല'

'ആദ്യ ബജറ്റിൽ തന്നെ ബക്കാഡിയുമായുള്ള ഡീൽ പാലിച്ചു; നികുതി ഇളവ് കോടികളുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരം'
dot image

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് പിണറായി വിജയന്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും വിമര്‍ശിച്ചത്. അധികാരമേറ്റെടുത്ത് ഒരു മാസം പോലും തികയേണ്ടി വന്നില്ലെന്നും അതിനുള്ളില്‍ തന്നെ അഴിമതി സര്‍ക്കാരിനെ വലയം ചെയ്തുവെന്നും പിണറായി വിജയന്‍ പറഞ്ഞു. ഫിനാന്‍സ് ബില്‍ സഭ അംഗീകരിച്ചാല്‍ അത് നിയമമാകും. ഇത് നടപ്പാക്കുന്നത് തടയാന്‍ യുഡിഎഫിന് നിയമപരമായി കഴിയില്ല. എക്‌സിക്യൂട്ടീവ് ഉത്തരവ് മൂലം മരവിപ്പിക്കാനും കഴിയില്ല. ഫിനാന്‍സ് ബില്‍ പാസാക്കിയതിനുശേഷം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുന്നതില്‍ എന്ത് പ്രസക്തിയാണുള്ളതെന്നും പിണറായി വിജയന്‍ ചോദിച്ചു.

2023ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനതാല്‍പ്പര്യം മുന്‍നിര്‍ത്തി മാറ്റിവച്ച അതേ ഫയലാണ് യുഡിഎഫ് സര്‍ക്കാര്‍ വന്നയുടനെ പൊടിതട്ടിയെടുത്തത്. ബക്കാഡിക്കുവേണ്ടി ഈ ഫയല്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ മേശപ്പുറത്തെത്തിയത് രണ്ടര മണിക്കൂര്‍ കൊണ്ടാണ്. മുഖ്യമന്ത്രി കണ്ടശേഷം മിന്നല്‍ വേഗത്തിലായിരുന്നു കാര്യങ്ങളെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ഇതൊരു സാധാരണ നടപടിയല്ല. മറിച്ച് സര്‍ക്കാരിന് നികുതി നഷ്ടത്തിനും മദ്യക്കമ്പനികള്‍ക്ക് കോടികളുടെ ലാഭത്തിനും ഉതകുന്ന ആസൂത്രണമാണ്. ഇതിന്റെയെല്ലാം വേരുകള്‍ എവിടേക്കാണ് നിളുന്നതെന്ന് വ്യക്തമാണ്. ആദ്യ ബജറ്റില്‍ത്തന്നെ വീര്യംകുറഞ്ഞ മദ്യത്തിന് ഭീമമായ നികുതിയിളവ് പ്രഖ്യാപിച്ച് ബക്കാഡിയുമായുള്ള ഡീല്‍ പാലിച്ചുവെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

സാധാരണ മദ്യത്തിന് 251 ശതമാനത്തിലേറെ നികുതി ഉള്ളപ്പോള്‍ വീര്യം കുറഞ്ഞത് എന്ന വിഭാഗത്തില്‍പ്പെടുത്തി നികുതി 120 ശതമാനമായി വെട്ടി ക്കുറച്ചു. മദ്യ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുന്നത്. എന്നാല്‍, മദ്യമുതലാളിമാര്‍ക്ക് കോടികളുടെ നികുതി ഇളവ് നല്‍കി മദ്യമൊഴുക്കുന്നത് സമൂഹത്തോടുള്ള കുറ്റകൃത്യമാണ്. ഇതിനെ ന്യായീകരിക്കാന്‍ ചില സാങ്കേതിക വാദങ്ങള്‍ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. മിലിട്ടറി, പാരാമിലിട്ടറി ക്യാന്റിനുകളില്‍ ബക്കാഡിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കി എന്ന തരത്തിലാണ് വ്യാഖ്യാനം. എന്നാല്‍, അവിടങ്ങളില്‍ ബക്കാഡി ഉള്‍പ്പെടെ ഏതെല്ലാം ബ്രാന്‍ഡുകള്‍ വില്‍ക്കാമെന്ന് തീരുമാനിക്കുന്നത് കേന്ദ്ര പ്രതിരോധ-ആഭ്യന്തര വകുപ്പുകളാണ്. നികുതിനിരക്കുകള്‍ നിശ്ചയിക്കുന്നത് സംസ്ഥാനമല്ലെന്നും പിണറായി വിജയന്‍ പറയുന്നു.

എല്‍ഡിഎഫ് കാലത്ത് ബാര്‍ സമയക്രമീകരണം പോലുള്ള ഭരണപരമായ നടപടികളില്‍പ്പോലും വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചവരാണ് ഇന്ന് ഭരണത്തിലുള്ളത്. മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ അന്ന് വലിയ പ്രതിഷേധം നടത്തി. ഇപ്പോള്‍ ഈ സംഘടനകളൊക്കെ മൗനത്തിലാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ഇവര്‍ ജനങ്ങള്‍ക്കുമുന്നില്‍ വച്ച 'ടീം യുഡിഎഫ് ഇപ്പോള്‍ കേള്‍ക്കാനില്ല. മദ്യക്കമ്പനികളും തീരദേശം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന കുത്തകകളുമാണ് ഇന്ന് ടീം യുഡിഎഫിലെ സഖ്യകക്ഷികള്‍. സര്‍ക്കാരിന്റെ നീക്കം എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- In an article published in Deshabhimani, Opposition leader Pinarayi Vijayan criticised alleged tax concessions granted in the first budget.

dot image
To advertise here,contact us
dot image