'അണലിക്കുഞ്ഞുങ്ങളെ ലഹരിക്കായി ഉപയോഗിക്കുന്നു എന്ന് പറഞ്ഞതിൽ വസ്തുതാപരമായ തെറ്റുണ്ട്, തിരുത്ത് സ്വീകരിക്കുന്നു'

തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി തൂഫാന്‍ വാരിയറാകാന്‍ ഡോ. ഷിംന അസീസിനെ ക്ഷണിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു

'അണലിക്കുഞ്ഞുങ്ങളെ ലഹരിക്കായി ഉപയോഗിക്കുന്നു എന്ന് പറഞ്ഞതിൽ വസ്തുതാപരമായ തെറ്റുണ്ട്, തിരുത്ത് സ്വീകരിക്കുന്നു'
dot image

തിരുവനന്തപുരം: ലഹരിക്കുവേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് ആളുകളുടെ നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ ഉണ്ടെന്ന തന്റെ പരാമര്‍ശത്തില്‍ വസ്തുതാപരമായ തെറ്റുണ്ടെന്നും വിഷയത്തില്‍ ഡോ. ഷിംന അസീസിന്റെ തിരുത്ത് സ്വീകരിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ പോരാട്ടം വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തനത്തിലും ഏറെക്കാലമായി ഏറ്റെടുത്തിട്ടുളളതാണെന്നും മിക്കവാറും വേദികളില്‍ ലഹരിക്കെതിരെ പ്രതികരിക്കാറുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫിന് അധികാരം കിട്ടിയാല്‍ ലഹരിയുടെ വേരറുക്കും എന്ന പ്രഖ്യാപനം നടത്തുകയും ആ വാക്ക് പാലിക്കുന്ന തൂഫാന്‍ ആരംഭിച്ചതിലും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

'വളരെ നാള്‍ മുന്‍പ് എന്റേതായി വന്ന ഒരു പരാമര്‍ശത്തില്‍ കടന്നുകൂടിയ തെറ്റ് സംബന്ധിച്ച് ഡോ. ഷിംന അസീസിന്റെ തിരുത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍ പെട്ടു. അപകടകരവും മാരകവുമായ വിവിധ തരം ലഹരി ഉപയോഗങ്ങളെക്കുറിച്ചുളള സംഭാഷണത്തിന് ഇടയിലായിരുന്നു അത്. വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുളള ഭാഗത്ത് അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാന്‍ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല. ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു': രമേശ് ചെന്നിത്തല പറഞ്ഞു.

പാമ്പുകളെ ഉപയോഗിക്കുന്നത് പോലെ അത്യന്തം അപകടകരവും വിനാശകരവുമായ ലഹരി ഉപയോഗം ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കേരളത്തിലും അത്തരം കേന്ദ്രങ്ങള്‍ ഉണ്ടെന്ന വിവരങ്ങളെ ഗൗരവത്തോടെയാണ് മനസിലാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. അത് സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ അറിയിക്കാന്‍ ആരും മടിക്കരുതെന്നും വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി തൂഫാന്‍ വാരിയറാകാന്‍ ഡോ. ഷിംന അസീസിനെ ക്ഷണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ കേരളത്തിലുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്. 'എറണാകുളത്ത് ഒരു സ്ഥലത്ത് അണലിക്കുഞ്ഞുങ്ങളെ കൊണ്ട് ആളുകളുടെ നാക്കില്‍ കൊത്തിക്കുന്ന ഒരു സ്ഥലം പൊലീസ് കണ്ടുപിടിച്ചു. മരിച്ചുപോകില്ല. അണലിക്കുഞ്ഞല്ലേ. അതിശക്തമായ നടപടി സ്വീകരിച്ചു. അതിന് ശേഷമാണ് ഇതെല്ലാം പിടികിട്ടിയത്. നെറ്റിയിലിടുന്ന പൊട്ട്, നാക്കിലിടുന്ന സ്റ്റാംപ്, കയ്യിലിടുന്ന പ്ലാസ്റ്റര്‍ ഇതെല്ലാം ലഹരിയാണ്. നമ്മളത് അറിയുന്നില്ല' എന്നാണ് ചെന്നിത്തല പറഞ്ഞത്. നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോള്‍ ബാക്കിയുണ്ടാകില്ലെന്നാണ് ഷിംന അസീസ് പറഞ്ഞത്.  

അണലി വെറുതെ കൊത്തിയാല്‍ പോലും വിഷം അകത്തെത്തിയാല്‍ ആള് തീരാനുളള സാധ്യത വളരെ കൂടുതലാണെന്നും രക്തത്തെ ബാധിക്കുന്ന ഹീമോടോക്‌സിക് വെനം ആണ് അണലിക്ക്, അതിനാല്‍ ജീവന്‍ രക്ഷിച്ചെടുക്കല്‍ അതീവശ്രമകരമാണെന്നും ഷിംന അസീസ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയുടെ ഭാഗമെന്നതിനാല്‍ ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതല്‍ പോപ്പുലറാകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ടെന്നും ഷിംന പറഞ്ഞിരുന്നു.

Content Highlights: Following clarification from the medical community, Congress leader Ramesh Chennithala admitted his mistake and accepted corrections regarding his controversial 'viper drug' statement

dot image
To advertise here,contact us
dot image