

2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി 1.62 ലക്ഷം കോടിയായി ഉയർന്നു. മെയ് മാസത്തിൽ സർക്കാരിന്റെ വരുമാനം മെച്ചപ്പെട്ടതിനാൽ സർപ്ലസ് രേഖപ്പെടുത്തിയിട്ടുണ്ട്. നികുതി വരുമാനം മെച്ചപ്പെട്ടതും ചെലവുകൾ നിയന്ത്രണത്തിലായതുമാണ് 1.76 ലക്ഷം കോടി രൂപയുടെ സർപ്ലസ് രേഖപ്പെടുത്താൻ കാരണമായത്. കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (CGA) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളായ ഏപ്രിൽ-മെയ് കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി വാർഷിക ലക്ഷ്യത്തിന്റെ 9.6 ശതമാനമായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 3.1 ശതമാനമായിരുന്നു. എന്നാൽ ഇത്തവണ ധനക്കമ്മി വർധിച്ചതിന് പ്രധാന കാരണം മുൻവർഷത്തേക്കാൾ കുറഞ്ഞ ഡിവിഡന്റുകളും നികുതി കൈമാറ്റങ്ങളുടെ സമയക്രമത്തിലെ വ്യത്യാസങ്ങളും ആണെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ഏപ്രിൽ-മെയ് കാലയളവിൽ കേന്ദ്ര സർക്കാരിന്റെ മൊത്തം വരവായി (Total Receipts) 7.32 ലക്ഷം കോടി ലഭിച്ചു. ഇതിൽ നികുതി വരുമാനവും നികുതിയേതര വരുമാനവും ഉൾപ്പെടുന്നു. അതേസമയം മൊത്തം ചെലവ് (Total Expenditure) 8.94 ലക്ഷം കോടിയാണ്.മൂലധന ചെലവിലും സർക്കാർ ശ്രദ്ധ തുടരുകയാണ്.
ആദ്യ രണ്ട് മാസങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉൾപ്പെടെയുള്ള മൂലധന നിക്ഷേപത്തിനായി ഏകദേശം 2.42 ലക്ഷം കോടി ചെലവഴിച്ചു. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് പിന്തുണ നൽകാൻ സർക്കാർ പൊതുനിക്ഷേപം തുടരുമെന്ന സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
റിസർവ് ബാങ്കിൽ നിന്നുള്ള ഉയർന്ന ഡിവിഡൻഡ് വരുമാനവും വരും മാസങ്ങളിലെ ജിഎസ്ടി, നേരിട്ടുള്ള നികുതി ശേഖരണത്തിലെ വർധനയും കേന്ദ്രത്തിന്റെ ധനസ്ഥിതി കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. അതിനാൽ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ധനക്കമ്മി ഉയർന്നതായി കാണുന്നുവെങ്കിലും, വർഷാവസാനത്തോടെ സർക്കാർ നിശ്ചയിച്ച ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന വിലയിരുത്തലാണ് നിലവിലുള്ളത്.
കഴിഞ്ഞ മാസങ്ങളിൽ സർക്കാർ ചെലവുകളുടെ വേഗതയും വരുമാന ശേഖരണത്തിന്റെ പുരോഗതിയും ചേർന്നാണ് ധനസ്ഥിതിയുടെ ചിത്രം രൂപപ്പെടുന്നത്. അതിനാൽ അടുത്ത മാസങ്ങളിലെ നികുതി വരുമാനവും മൂലധന ചെലവുകളും കേന്ദ്രത്തിന്റെ സാമ്പത്തിക പ്രകടനത്തിൽ നിർണായക പങ്കുവഹിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Content Highlights: Centre's fiscal deficit reaches 9.6% of FY27 target in April-May as spending outpaces receipts