ശേഷാദ്രിനാഥിന്റെ നിയമനം: താൻ പറയുന്നത് തെറ്റാണെന്ന് തെളിയിച്ചാൽ ഷാജി പറയുന്ന പണി ചെയ്യാം; പി എം നിയാസ്

ഷാജി എന്തിനാണ് ഇങ്ങനെയൊരു വേഷം കെട്ടുന്നതെന്ന് അറിയില്ലെന്നും പി എം നിയാസ്

ശേഷാദ്രിനാഥിന്റെ നിയമനം: താൻ പറയുന്നത് തെറ്റാണെന്ന് തെളിയിച്ചാൽ ഷാജി പറയുന്ന പണി ചെയ്യാം; പി എം നിയാസ്
dot image

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥിനെ നിയമിക്കാനുള്ള നീക്കത്തില്‍ മന്ത്രി കെ എം ഷാജിയെ വെല്ലുവിളിച്ച് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്. താന്‍ പറയുന്നത് തെറ്റാണെന്ന് തെളിയിച്ചാല്‍ മന്ത്രി പറയുന്ന പണി ചെയ്യാമെന്ന് നിയാസ് വെല്ലുവിളിച്ചു. ഷാജി എന്തിനാണ് ഇങ്ങനെയൊരു വേഷം കെട്ടുന്നതെന്ന് അറിയില്ല. ഉറങ്ങുന്നവനെ ഉണര്‍ത്താന്‍ കഴിയും. ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ കഴിയില്ലെന്നും പി എം നിയാസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഷാജിയേക്കാള്‍ കഴിവുള്ള പഞ്ചായത്ത് മന്ത്രിമാര്‍ ഉണ്ടായിട്ടില്ലേയെന്നും യുഡിഎഫില്‍ കഴിവുള്ളയാളെ നോക്കിയാണ് ഷാജിയെ മന്ത്രിയാക്കിയതെന്നും നിയാസ് പറഞ്ഞു. ശേഷാദ്രിനാഥിന്റെ നിയമനവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രിയെ കാണാനാണ് പി എം നിയാസിന്റെ തീരുമാനം. ഇന്ന് തിരുവനന്തപുരത്തേക്ക് പോകും. ശേഷാദ്രിനാഥിന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടല്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കാനാണ് ശ്രമം.

ശേഷാദ്രിനാഥിന്റെ പതിനഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും ആവശ്യപ്പെടും. അദ്ദേഹത്തിന്റെ ഇടപാടുകള്‍ സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തേടുമെന്നും പി എം നിയാസ് പറഞ്ഞു. തനിക്കുവേണ്ടിയല്ല ഷാജിക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഷാജിയെ തെറ്റിദ്ധരിപ്പിച്ചാണ് ശേഷാദ്രിനാഥിനെ കൊണ്ടുവന്നത്. തനിക്കോ തനിക്ക് താല്‍പര്യമുള്ള ആള്‍ക്കോ വേണ്ടിയല്ല. ശേഷാദ്രിനാഥിനെ നിയമിച്ചാല്‍ വോട്ട് ചോരിക്ക് അവസരം ഉണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നു. ആശങ്ക പരിശോധിക്കേണ്ടത് തന്റെ പാര്‍ട്ടിയാണ്. പരിശോധിക്കാന്‍ പാര്‍ട്ടിയാണ് നിര്‍ദ്ദേശം കൊടുക്കേണ്ടത്. മുഖ്യമന്ത്രിയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും നിയാസ് പറഞ്ഞു.

അതേസമയം ശേഷാദ്രിനാഥന്റെ നിയമനം മന്ത്രിസഭയില്‍ ആലോചിച്ചെടുത്തതാണെന്ന് കെ എം ഷാജി ആവര്‍ത്തിക്കുന്നു. മറ്റുകാര്യങ്ങള്‍ നിങ്ങള്‍ക്ക് മുഖ്യമന്ത്രിയോട് പറയാം. പിഎം നിയാസുമായി തനിക്ക് എതിര്‍പ്പ് ഇല്ല. ശേഷാദ്രിനാഥ് ജഡ്ജായിരുന്നു, വക്കീലായിരുന്നു. ഒരാളെ വര്‍ഗീയവല്‍ക്കരിക്കേണ്ടതില്ലെന്നുമായിരുന്നു കെ എം ഷാജി ഇന്ന് ഡല്‍ഹിയില്‍ പ്രതികരിച്ചത്.

Content Highlights: P.M. Niyas has challenged Minister K.M. Shaji over the move to appoint N. Seshadrinathan as the State Election Commissioner, intensifying the political debate

dot image
To advertise here,contact us
dot image