സെക്രട്ടേറിയറ്റ് മാര്‍ച്ച്:'വിദ്യാർത്ഥി സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നു';SFIഅഖിലേന്ത്യ പ്രസിഡൻ്റ്

അറബിക്കടലില്‍ ഒഴുക്കിയ പി എം ശ്രീ എങ്ങനെ പൊങ്ങി വരുമെന്ന് ആദര്‍ശ് പരിഹസിച്ചു

സെക്രട്ടേറിയറ്റ് മാര്‍ച്ച്:'വിദ്യാർത്ഥി സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നു';SFIഅഖിലേന്ത്യ പ്രസിഡൻ്റ്
dot image

ന്യൂഡല്‍ഹി: സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ എസ്എഫ്‌ഐ ബ്ലേഡ് കൊണ്ടുവന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി. ബ്ലേഡ് പൊലീസിന്റേതാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും ആദര്‍ശ് ആവശ്യപ്പെട്ടു.

'വിദ്യാര്‍ത്ഥി സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് യുഡിഎഫ് വ്യക്തമാക്കണം. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ തിട്ടൂരം ആണോ പിന്നില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്നത് അനുസരിച്ചാണോ യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസിന്റെ ലാത്തിയോ ഗ്രനേഡോ ഭയപ്പെടുന്നില്ല', ആദര്‍ശ് എം സജി പറഞ്ഞു.

പി എം ശ്രീയിലും ആദര്‍ശ് പ്രതികരിച്ചു. അറബിക്കടലില്‍ ഒഴുക്കിയ പി എം ശ്രീ എങ്ങനെ പൊങ്ങി വരുമെന്ന് ആദര്‍ശ് പരിഹസിച്ചു. അറബിക്കടലില്‍ ഒഴുക്കിയ പി എം ശ്രീ വിദ്യാഭ്യാസ മന്ത്രിയ കൊണ്ട് മുങ്ങി എടുപ്പിക്കുകയാണ് യുഡിഎഫെന്ന് അദ്ദേഹം പരിഹസിച്ചു. എല്‍ഡിഎഫ് അവസാന ബജറ്റില്‍ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി വിദ്യാഭ്യാസത്തില്‍ വ്യക്തത വരുത്താന്‍ ഇതുവരെയും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് എസ്എഫ്‌ഐ കൂട്ടിച്ചേര്‍ത്തു.

'സൗജന്യ വിദ്യാഭ്യാസം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിപ്ലവകരമായ തീരുമാനമാണ്. വ്യക്തത വരുത്താന്‍ ഇതുവരെയും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രഖ്യാപിച്ച തീരുമാനം നടപ്പിലാക്കിയില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകും', ആദര്‍ശ് വ്യക്തമാക്കി. മുഖ്യമന്ത്രി വി ഡി സതീശനെതിരെയും ആദര്‍ശ് പ്രതികരിച്ചു. 'അധികാരത്തിലേറിയപ്പോള്‍ ദാമോദര മേനോന്‍ സതീശന്‍, പിന്നീട് പൂക്കി സതീശന്‍, ഇപ്പോള്‍ ബെക്കാഡി സതീശനായി', എന്നായിരുന്നു ആദര്‍ശിന്റെ പ്രതികരണം.

സെക്രട്ടേറിയറ്റിലേക്കുള്ള മാര്‍ച്ചില്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ പരാതി നല്‍കിയിട്ടുണ്ട്. ഡിജിപിക്കാണ് പരാതി നല്‍കിയത്. തങ്ങള്‍ ബ്ലേഡ് ഉള്‍പ്പെടെയുള്ളവ കൈവശം വെച്ചെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് എസ്എഫ്‌ഐ പരാതിയില്‍ പറയുന്നത്.

Content Highlights: SFI All India President Adarsh M Saji has responded to allegations that SFI activists brought blades during the Secretariat march

dot image
To advertise here,contact us
dot image