പിഎം ശ്രീ നിലപാടില്‍ നിന്ന് ലീഗ് പിന്നോട്ട് പോയിട്ടില്ല, മദ്യനയം ചര്‍ച്ച ചെയ്യണം: പി അബ്ദുല്‍ ഹമീദ്

ഉപസമിതി ചര്‍ച്ച ചെയ്ത തീരുമാനം പുറത്തു വന്നാല്‍ മുസ്ലിം ലീഗ് നിലപാട് പറയുമെന്നും അബ്ദുല്‍ ഹമീദ്

പിഎം ശ്രീ നിലപാടില്‍ നിന്ന് ലീഗ് പിന്നോട്ട് പോയിട്ടില്ല, മദ്യനയം ചര്‍ച്ച ചെയ്യണം: പി അബ്ദുല്‍ ഹമീദ്
dot image

മലപ്പുറം: പിഎം ശ്രീ വിഷയത്തില്‍ മുസ്‌ലിം ലീഗ് നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. പിഎം ശ്രീ നടപ്പിലാക്കണമെങ്കില്‍ ഉപസമിതിയുടെ ആവശ്യമില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷം ഒപ്പിട്ടു പോയ പദ്ധതിയില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. ഉപസമിതി ചര്‍ച്ച ചെയ്ത തീരുമാനം പുറത്തു വന്നാല്‍ മുസ്ലിം ലീഗ് നിലപാട് പറയുമെന്നും റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ അബ്ദുല്‍ ഹമീദ് വ്യക്തമാക്കി.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. 'മദ്യനയം യുഡിഎഫിന് അകത്ത് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കും എന്നാണ് ലീഗിന്റെയും യുഡിഎഫിന്റെയും നിലപാട്. വിഷയം മുന്നണിക്കകത്തും പാര്‍ട്ടിക്കകത്തും ചര്‍ച്ച ചെയ്യും. പ്രകടനപത്രികയിലെ മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കിക്കൊണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരാണ്. ചില ഭാഗത്ത് സ്‌പെല്ലിങ് മിസ്റ്റേക്കുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ടു പോകും', അബ്ദുല്‍ ഹമീദ് പറഞ്ഞു.

മലപ്പുറം ജില്ലാ വിഭജനം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധ്യതാ പഠനങ്ങള്‍ നടക്കട്ടെ, വിഷയത്തില്‍ മുസ്ലിം ലീഗ് ശക്തമായ നിലപാട് സ്വീകരിക്കും. യുഡിഎഫ് സര്‍ക്കാരില്‍ പൂര്‍ണ്ണ പ്രതീക്ഷയുണ്ടെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കുട്ടി പോലും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കേണ്ടി വരില്ലെന്നും പി അബ്ദുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു.

Content Highlights: P Abdul Hameed Says Muslim League Has Not Changed Its Stand on PM SHRI Issue

dot image
To advertise here,contact us
dot image