

കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് വൻ നികുതിയിളവ് നൽകിയ നടപടി നിലനിൽക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ബജറ്റിൻ്റെ മറുപടിപ്രസംഗത്തിലെ നിലപാട് ഞെട്ടിക്കുന്നതാണെന്ന് സിപിഐഎം മുഖപത്രമായ ദേശാഭിമാനി. 'മദ്യക്കമ്പനിക്കൊപ്പം മുഖ്യമന്ത്രി ഉറച്ച് നിൽക്കുന്നതെന്തിന്' എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിലാണ് വി ഡി സതീശനെ ദേശാഭിമാനി രൂക്ഷമായി വിമർശിക്കുന്നത്. വകുപ്പുമന്ത്രിയും കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും നേതാക്കളും തെരഞ്ഞെടുപ്പിൽ സഹായിച്ച സാമുദായിക സംഘടനകളുമെല്ലാം രൂക്ഷമായി എതിർത്തിട്ടും അത് പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഇവരേക്കാൾ വലുതാണ് മുഖ്യമന്ത്രിക്ക് മദ്യക്കമ്പനിയുമായുള്ള ബാന്ധവം എന്നാണ് നിയമസഭയിലെ മറുപടിയിൽ നിന്ന് വ്യക്തമാകുന്നതെന്നും ദേശാഭിമാനി കുറ്റപ്പെടുത്തുന്നുണ്ട്.
നയപരമായ തീരുമാനം യുഡിഎഫിന് എടുക്കാമെന്ന തൊടുന്യായം പറഞ്ഞ് ജനങ്ങളുടെ കണ്ണുകെട്ടി വീണ്ടും വിഡ്ഢികളാക്കാനാണ് വി ഡി സതീശൻ ശ്രമിക്കുന്നതെന്നും ദേശാഭിമാനി വിമർശനം ഉന്നയിച്ചിട്ടുണ്ട്. ബജറ്റ് പാസായി ഫിനാൻസ് ബില്ലായാൽ അത് സംസ്ഥാനത്തെ നിയമമാകുമെന്നും മദ്യക്കമ്പനിക്ക് വീര്യം കുറഞ്ഞ മദ്യം വിൽക്കാനാകുമെന്നും അല്ലെങ്കിൽ അവർക്ക് കോടതിയിൽ ചോദ്യംചെയ്യാനാകുമെന്നുമുള്ള വസ്തുത മറച്ചുവച്ചാണ് ഈ പൊറാട്ടുനാടകം കളിക്കുന്നതെന്നും ദേശാഭിമാനി കുറ്റപ്പെടുത്തുന്നു. 'കേരളം കണ്ട ഏറ്റവും വേഗമേറിയ 'ഭരണനടപടികളിലൊന്നാണ് ഒരു മദ്യക്കമ്പനിക്കുവേണ്ടി നടന്നത് എന്നത് അവിശ്വസനീയമായി തോന്നാം. ഇത് ഈ സർക്കാരിന്റെ യഥാർഥ അജൻഡയിലേക്കാണ് വിരൽചൂണ്ടുന്നത്. ഭരണത്തിന്റെ ആദ്യനാളുകളിൽത്തന്നെ അഴിമതിയുടെ കറപുരണ്ട ഒരു തീരുമാനത്തിലേക്ക് സർക്കാർ എടുത്തുചാടിയത്, മദ്യലോബിയുമായുള്ള അവിശുദ്ധകൂട്ടുകെട്ടിന്റെ തെളിവാണ്. കർണാടകത്തിലെ കോൺഗ്രസ് സർക്കാരും വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി കുത്തനെ കുറച്ചിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്നത് ഖജനാവ് കൊള്ളയടിക്കലാണെന്നും വൻ അഴിമതിയാണെന്നും പ്രതിപക്ഷനേതാവായിരിക്കെ അലമുറയിട്ട വി ഡി സതീശനാണ് ഇന്ന് മുഖ്യമന്ത്രിക്കസേരയിലിരുന്ന് അതേ അഴിമതിക്ക് ചുക്കാൻപിടിക്കുന്ന'തെന്നാണ് ദേശാഭിമാനിയുടെ വിമർശനം.
ബക്കാഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഇതേ നികുതിയിളവ് അപേക്ഷ എൽഡിഎ ഫ് സർക്കാർ ഒന്നരവർഷത്തിലേറെ മാറ്റിവച്ച് മടക്കിയിരുന്നുവെന്നും ദേശാഭിമാനി എഡിറ്റോറിയൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരമേറ്റ പിറ്റേ ദിവസംതന്നെ ഫയലിന് ജീവൻ വച്ചവെന്നാണ് ദേശാഭിമാനി ചൂണ്ടിക്കാണിക്കുന്നത്. 'തീരുമാനമെടുത്തതാകട്ടെ റെക്കോഡ് വേഗത്തിലും. കേവലം രണ്ടുമണിക്കൂറും 57 മിനിറ്റുംകൊണ്ട് ഏഴ് ഉദ്യോഗസ്ഥരുടെ മേശപ്പുറത്തുകൂടി ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി എന്നത് ആസൂത്രിതമായ അഴിമതിയുടെ ആഴമാണ് വ്യക്തമാക്കുന്നത്. ഭരണസംവിധാനത്തിൻ്റെ അനുവാദമില്ലാതെ ഇത്രയും വേഗത്തിൽ ഫയലുകൾ ചലിക്കില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ഇതിലുണ്ടെന്ന് വ്യക്തമാണെ'ന്നും ദേശാഭിമാനി ആരോപിക്കുന്നു.
എക്സൈസ് മന്ത്രിപോലും അറിയാതെ ബജറ്റ് പ്രസംഗത്തിലൂടെമാത്രം വെളിപ്പെട്ട നികുതിയിളവ് മദ്യലോബികൾക്ക് കോടികളുടെ ലാഭം കൊയ്യാനുള്ള വഴിയൊരുക്കലാണെന്നും ദേശാഭിമാനി കുറ്റപ്പെടുത്തുന്നുണ്ട്. 251 ശതമാനം നികുതിയുണ്ടായിരുന്ന സ്ഥാനത്ത് 120 ശതമാനംവരെ ഇളവ് നൽകുന്നത് ഖജനാവിന് വരുത്തുന്ന നഷ്ടം ചില്ലറയല്ലെന്നും ദേശാഭിമാനി ചൂണ്ടിക്കാണിക്കുന്നുണ്ട്. കർഷകരെ സഹായിക്കാനായി എൽഡി എഫ് സർക്കാർ കൊണ്ടുവന്ന നയത്തിന്റെ മറപിടിച്ച് വൻകിട മദ്യക്കമ്പനികളെ സഹായിക്കാനുള്ള നീക്കമാണ് യഥാർത്ഥത്തിൽ വി ഡി സതീശൻ നടത്തുന്നതെന്നും ദേശാഭിമാനി കുറ്റപ്പെടുത്തുന്നു. കർണാടക മദ്യലോബിയുമായുള്ള ബന്ധവും വി ഡി സതീശൻ്റെ മംഗളൂരു യാത്രയും ഈ സാഹചര്യത്തിൽ അതീവ ഗൗരവത്തോടെ വേണം കാണാൻ. തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസ് ചെലവാക്കിയ പണത്തിൻ്റെ ഉറവിടവും മദ്യലോബിയുമായുള്ള ഡീ ലും തമ്മിലുള്ള ബന്ധം വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്നും ദേശാഭിമാനി പറയുന്നുണ്ട്.
മദ്യവിരുദ്ധത പ്രസംഗിക്കുന്ന മുസ്ലിംലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ഈ അഴിമതിക്ക് കുടപിടിക്കുന്നത് അണികളെ വഞ്ചിക്കുന്നതിനു തുല്യമാണെന്നും ദേശാഭിമാനി ചൂണ്ടിക്കാണിച്ചു. കെ ബാബുവിന്റെ കാലത്തെ ബാർ കോഴയെ അനുസ്മരിപ്പിക്കുംവിധം അതിലേറെ വലിയൊരു സാമ്പത്തിക ക്രമക്കേടിനാണ് യുഡിഎഫ് തുടക്കമിട്ടിരിക്കുന്നതെന്നും ദേശാഭിമാനി കുറ്റപ്പെടുത്തുന്നുണ്ട്. യുവജനങ്ങളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് വിപണി കീഴടക്കാൻ വൻകിട കമ്പനികൾക്ക് കൂട്ടുനിൽക്കുന്ന സർക്കാർ കേരളത്തിൻ്റെ സാമൂഹിക സുസ്ഥിതിയെക്കുടിയാണ് വെല്ലുവിളിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കന്നിബജറ്റിൽത്തന്നെ ഉയർന്നുകേൾക്കുന്ന ഈ അഴിമതി ആരോപണം വരാനിരിക്കുന്ന ദിവസങ്ങളിൽ ഈ സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്. 'അഴിമതി വിമുക്ത ഭരണം' വാഗ്ദാനം ചെയ്ത് അധി കാരത്തിലേറിയവർ അധികാരം കിട്ടിയ ഉടനെ മദ്യലോബിയുടെ ചട്ടുകമായി മാറിയത് കേരളീയസമൂഹം അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും ദേശാഭിമാനി എഡിറ്റോറിയലിൽ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: A report by Deshabhimani raises concerns over alleged irregularities in file movements, questioning the Kerala Chief Minister’s firm stance alongside liquor companies. The issue has sparked political debate and suspicion regarding administrative transparency.