

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ എത്തിയത്. അല്‍പ സമയത്തിനകം ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നതെങ്കിലും ഇന്ന് ഹാജരാകുകയായിരുന്നു. വീണയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂറോളം നീണ്ടിരുന്നു.
വീണ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇ ഡി ചോദ്യം ചെയ്യല്‍ നേരത്തെയാക്കിയത്. തിങ്കളാഴ്ച എത്താന്‍ അസൌകര്യമുണ്ടെന്ന് അറിയിച്ച വീണ, നേരത്തെ ഹാജരാകാന്‍ സാധിക്കുമോ എന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകുവാനായി ഇ ഡി അനുമതി നല്‍കിയത്.
എസ്എഫ്‌ഐഒയില്‍ നിന്നുള്ള രേഖകള്‍ അടക്കം ഇ ഡിക്ക് ലഭിച്ച സാഹചര്യത്തില്‍ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണാകമാകും. ഈ രേഖകള്‍ ഉള്‍പ്പടെ പരിശോധിച്ച് വിശദമായ ചോദ്യം ചെയ്യല്‍ നടത്താനാണ് ഇ ഡി തീരുമാനിച്ചിരിക്കുന്നതും. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ പണം എന്തിന് വേണ്ടി വിനിയോഗിച്ചു എന്നതില്‍ വ്യക്തത വരുത്താനും നീക്കമുണ്ട്.
എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായ 134 സുപ്രധാന രേഖകള്‍ ഇന്നലെയാണ് ഇഡിക്ക് ലഭിച്ചത്. സിഎംആര്‍എല്ലുമായി വീണ തൈക്കണ്ടിയിലും എക്സാലോജിക്കും ഒപ്പുവെച്ച കരാറുകള്‍, വീണയുടെ വിശദമായ മൊഴിപ്പകര്‍പ്പ്, ഐടി റിട്ടേണ്‍സ് അടക്കമുള്ള അതീവ രഹസ്യ രേഖകളാണ് ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കൈകളില്‍ എത്തിയിരിക്കുന്നത്.
ജൂണ്‍ 17നായിരുന്നു വീണയുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍. കൊച്ചിയിലെ ഇ ഡി ആസ്ഥാനത്ത് തന്നെ നടന്ന ചോദ്യം ചെയ്യല്‍ 9 മണിക്കൂറോളം നീണ്ടു. ഇ ഡി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വിശദമായ ചോദ്യാവലിയാണ് ഇ ഡി ചോദ്യം ചെയ്യലിനായി തയ്യറാക്കിയിരുന്നത്. കൈപ്പറ്റിയ പണം വിനിയോഗിച്ചതെങ്ങനെ?, സ്വത്തുക്കള്‍ വാങ്ങിയോ?, നിക്ഷേപങ്ങള്‍ നടത്തിയോ?, എംപവര്‍ ഇന്ത്യ സ്ഥാപനത്തില്‍ നിന്നും 50 ലക്ഷം വായ്പ എടുത്തത് ഏത് സാഹചര്യത്തിലാണ്?, എത്ര തുക തിരിച്ചടച്ചു? ഈ പണം എന്തിനുവേണ്ടി ഉപയോഗിച്ചു?, ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിക്കാന്‍ ഉണ്ടായ സാഹചര്യം എന്താണ്?, ഇല്ലാത്ത സേവനത്തിന് വന്‍ തുക കൈപ്പറ്റിയെന്ന എസ്എഫ്ഐഒ കണ്ടെത്തലിലെ പ്രതികരണം, വന്‍ തുക ലഭിക്കാന്‍ സിഎംആര്‍എല്ലുമായുള്ള ബന്ധം, മരവിപ്പിച്ച എച്ചിഡിഎഫ്സി ബാങ്ക് അക്കൗണ്ടിന് പുറമേ എത്ര അക്കൗണ്ടുകള്‍ ഉണ്ട്, അബുദാബിയില്‍ ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ട് വഴി ഇടപാടുകള്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഇഡി വീണയില്‍ നിന്ന് ചോദിച്ചറിഞ്ഞത്.
ചോദ്യം ചെയ്യലിന് പിന്നാലെ വീണ ടിയുടെ എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കര്‍ ഇഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിച്ചിരുന്നു. നേരത്തെ ഈ അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു വീണയെ ബാങ്കില്‍ വിളിച്ചുവരുത്തിയുള്ള പരിശോധന. ഇതിന് പിന്നാലെ രണ്ടാംവട്ടം ചോദ്യം ചെയ്യലിനായി ജൂണ്‍ 29ന് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണയ്ക്ക് സമന്‍സ് അയക്കുകയായിരുന്നു.
നേരത്തെ സിഎംആര്‍എല്‍ എം ഡി ശരണ്‍ എസ് കര്‍ത്തയെയും ജയ എസ് കര്‍ത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ. എംപവര്‍ വീണയ്ക്ക് രണ്ട് തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു. ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍. ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എല്‍ ഡയറക്ടറായ ഷിബി, സിഎംആര്‍എല്ലുമായി ബന്ധമുള്ള നിപുണ ഇന്റര്‍നാഷണല്‍സിന്റെ പ്രധാനചുമതല കൂടി വഹിക്കുന്നുണ്ട്. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ള സ്ഥാപനമാണ് നിപുണ ഇന്റര്‍നാഷണല്‍.
Content Highlights: Veena Vijayan has once again appeared before the Enforcement Directorate in connection with the CMRL–Exalogic cas